കോപ്പ അമേരിക്കക്ക് മുന്നോടിയായിയുള്ള അവസാന സൗഹൃദ മത്സരവും അർജന്റീന ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.ഗ്വാട്ടിമാലയെ അർജന്റീന തകർത്ത് തരിപ്പണമാക്കുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചിരുന്നത്. മത്സരത്തിൽ മെസ്സി തന്നെയാണ് തിളങ്ങിയിട്ടുള്ളത്. ഒരു ഗോൾ വഴങ്ങിയതിനുശേഷമായിരുന്നു അർജന്റീന നാല് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം പിടിച്ചെടുത്തത്.
രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി മത്സരത്തിൽ നേടിയിട്ടുള്ളത്.ലൗറ്ററോ ഇരട്ട ഗോളുകൾ പൂർത്തിയാക്കുകയും ചെയ്തു. മത്സരത്തിൽ ഏവരെയും ഞെട്ടിച്ചത് കേവലം 19 വയസ്സ് മാത്രമുള്ള വാലന്റയിൻ കാർബോണി എന്ന താരമായിരുന്നു. ഇദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ വന്നത് തന്നെ ആരാധകരെ അത്ഭുതപ്പെടുത്തി. എന്നാൽ സ്‌കലോണിയുടെ തീരുമാനം തെറ്റിയില്ല എന്ന് ഈ താരം തെളിയിക്കുകയായിരുന്നു. മധ്യനിരയിൽ മിന്നുന്ന പ്രകടനമാണ് കാർബോണി പുറത്തെടുത്തത്.
മത്സരത്തിന്റെ 62ആം മിനിട്ട് വരെ കളിച്ച താരം ഒരു പെനാൽറ്റി നേടിയെടുക്കുകയും ചെയ്തു. മാത്രമല്ല താരത്തിന്റെ ഡിഫൻസീവ് വർക്കുകളും വളരെ മികച്ചതായിരുന്നു. ഇങ്ങനെ ഏവരുടെയും കയ്യടി നേടാൻ ഈ യുവ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മത്സരശേഷം ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെ താരത്തെ പ്രശംസിക്കുകയും ചെയ്തു. അസാമാന്യമായ ഭാവിയുള്ള താരമാണ് കാർബോണി എന്നാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
വാലന്റിൻ കാർബോണിക്ക് ഒരു അസാധാരണമായ ഭാവിയുണ്ട്. അർജന്റീനയുടെ ഭാവിയും വർത്തമാനവും ഈ താരം തന്നെയാണ്. ഞങ്ങൾ അദ്ദേഹത്തെ കൂടുതൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.അർജന്റീനയുടെ അണ്ടർ 20 ടീമിൽ വെച്ച് ഞാൻ ഒരുപാട് തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ അദ്ദേഹം ഒരുപാട് വളർന്ന് കഴിഞ്ഞു.ഒരു വ്യത്യസ്തനായ താരമാണ് അദ്ദേഹം.ഒരുപാട് ഡെവലപ്പ് ആയിട്ടുണ്ട്. അസാധാരണമായ ഒരു ക്വാളിറ്റി തന്നെ അദ്ദേഹത്തിനുണ്ട്, ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
അർജന്റീനക്ക് വലിയ ശുഭപ്രതീക്ഷകൾ നൽകുന്ന താരമാണ് ഇദ്ദേഹം.കാർബോനിയെ പോലെ ഒരുപാട് യുവതാരങ്ങൾ അർജന്റീനയിൽ നിന്നും ഉദയം ചെയ്യുന്നുണ്ട്. താരത്തിന് കോപ്പ അമേരിക്കയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.മോൺസ എന്ന ക്ലബ്ബിനു വേണ്ടിയാണ് ഈ 19 കാരൻ കളിച്ചുകൊണ്ടിരിക്കുന്നത്.