ഗോളടിക്കാനുള്ള സുവർണാവസരങ്ങൾ പാഴാക്കി,കാരണം വ്യക്തമാക്കി ലയണൽ മെസ്സി!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ അർജന്റീന മികച്ച വിജയമാണ് സ്വന്തമാക്കിയത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ പരാജയപ്പെടുത്തിയത്. അമേരിക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.അലക്സിസ് മാക്ക് ആല്ലിസ്റ്റർ,ലയണൽ മെസ്സി എന്നിവർ അസിസ്റ്റുകൾ സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് അർജന്റീന തന്നെയാണ്.രണ്ടാം പകുതിയിലാണ് അവരുടെ ഗോളുകൾ വന്നത്.ഗോൾ നേടാനുള്ള ഒരുപാട് അവസരങ്ങൾ അർജന്റീന താരങ്ങൾക്ക് ലഭിച്ചിരുന്നു.ലയണൽ മെസ്സിക്ക് രണ്ട് സുവർണാവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അത് രണ്ടും മെസ്സി പാഴാക്കുകയായിരുന്നു. മെസ്സിയിൽ നിന്നും അത്യപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ചയായിരുന്നു ഇത്. കൂടാതെ ലൗറ്ററോ മാർട്ടിനസ് ഒരു മികച്ച അവസരം പാഴാക്കുകയും ചെയ്തിരുന്നു.
യഥാർത്ഥത്തിൽ മെസ്സിക്ക് ഇന്ന് മൂന്ന് ഗോളുകൾ നേടാമായിരുന്നുവെങ്കിലും അദ്ദേഹത്തിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു.ഇതിന്റെ കാരണം ലയണൽ മെസ്സി തന്നെ പറഞ്ഞിട്ടുണ്ട്. പെനാൽറ്റി ഏരിയയിൽ തനിക്ക് കുറച്ച് ശാന്തതയുടെ കുറവുണ്ടായി, കുറച്ച് തിടുക്കം കൂട്ടി എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മെസ്സി.
അവസരങ്ങൾ പാഴാക്കിയതിലും ഗോളുകൾ നേടാൻ സാധിക്കാത്തതിലും ഞാൻ വളരെയധികം നിരാശനാണ്. പെനാൽറ്റി ഏരിയയിൽ എനിക്ക് അല്പം ശാന്തതയുടെ കുറവുണ്ടായിരുന്നു.ഞാൻ ഒരല്പം ധൃതിപിടിച്ചു. കാരണം ആദ്യം മത്സരത്തിൽ എപ്പോഴും ഗോളടിക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ നമ്മൾ.പക്ഷേ ഏറ്റവും പ്രധാനപ്പെട്ടത് റിസൾട്ട് മാത്രമാണ്.ഞങ്ങൾ ഇവിടെ വിജയിച്ചു കഴിഞ്ഞു,മെസ്സി പറഞ്ഞു.
അവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും മിന്നുന്ന പ്രകടനമാണ് മെസ്സി ഇന്ന് നടത്തിയിട്ടുള്ളത്. രണ്ട് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. പരിക്കിന്റെ ചെറിയൊരു പ്രശ്നം മത്സരത്തിനിടെ മെസ്സിയെ അലട്ടിയെങ്കിലും അദ്ദേഹം ഇപ്പോൾ ഓക്കേയാണ്.