ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം അതിജീവിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന തോൽപ്പിച്ചത്. അർജന്റീനയുടെ ഹീറോയായത് മറ്റാരുമല്ല, അവരുടെ ഗോൾ കീപ്പറായ എമി മാർട്ടിനസ് തന്നെയാണ്. അദ്ദേഹത്തിന്റെ വീരോചിത പ്രകടനം ഇല്ലായിരുന്നുവെങ്കിൽ അർജന്റീന പുറത്താകുമായിരുന്നു.
നിശ്ചിത സമയത്ത് രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.ഇതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.കോപ അമേരിക്കയിൽ എക്സ്ട്രാ ടൈം ഫൈനലിൽ മാത്രമാണ് ഉള്ളത്. അർജന്റീനക്കായി ആദ്യത്തെ പെനാൽറ്റി എടുത്ത മെസ്സിക്ക് പിഴച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. പക്ഷേ എമി രക്ഷകനായി അവതരിക്കുകയായിരുന്നു.
ഇക്വഡോറിന്റെ രണ്ട് പെനാൽറ്റികൾ അദ്ദേഹം തടഞ്ഞിടുകയും അർജന്റീനയെ മുന്നോട്ട് നയിക്കുകയും ചെയ്തു.ഇക്കാര്യത്തെക്കുറിച്ച് ക്യാപ്റ്റൻ മെസ്സി സംസാരിച്ചിട്ടുണ്ട്. പെനാൽറ്റി ഷൂട്ടൗട്ട് വന്നു കഴിഞ്ഞാൽ താൻ സേവ് ചെയ്യും എന്നുള്ള കാര്യം എമി മത്സരത്തിന് മുന്നേ തന്നെ തങ്ങളോട് പറഞ്ഞിരുന്നു എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
മത്സരത്തിന് മുന്നേ തന്നെ ഇക്കാര്യം തമാശ രൂപേണ എമി ഞങ്ങളോട് പറഞ്ഞിരുന്നു. അതായത് മത്സരം പെനാൽറ്റി ഷൂട്ടൗട്ടാൽ താൻ പെനാൽറ്റികൾ സേവ് ചെയ്യും എന്നായിരുന്നു എമി ഞങ്ങളോട് പറഞ്ഞിരുന്നത്. ഞങ്ങൾ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോൾ,ഞങ്ങൾക്ക് തന്നെയാണ് മുൻതൂക്കം ഉണ്ടായിരുന്നത്. അതിന്റെ കാരണം എമിയാണ്, ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ തവണത്തെ കോപ്പ അമേരിക്ക മുതൽ ഇതുവരെ അർജന്റീന പെനാൽറ്റി ഷൂട്ടൗട്ടുകളിൽ രക്ഷിച്ചു കൊണ്ടിരിക്കുന്നത് എമി മാർട്ടിനസാണ്. ഇത്തവണയും അദ്ദേഹം പതിവ് തെറ്റിച്ചിട്ടില്ല. ഇനി സെമിഫൈനലിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ് അർജന്റീന നടത്തുക.