ലയണൽ മെസ്സി ഈ സീസണിലെ തന്റെ ആദ്യത്തെ മത്സരം പൂർത്തിയാക്കി കഴിഞ്ഞു.എൽ സാൽവദോറിന്റെ ദേശീയ ടീമിനെതിരെയാണ് ഇന്റർ മയാമി ഇന്ന് സൗഹൃദ മത്സരം കളിച്ചത്.എൽ സാൽവദോറിൽ വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.എന്നാൽ ഈ മത്സരത്തിൽ വിജയിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടില്ല.
മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ലയണൽ മെസ്സിയും ലൂയിസ് സുവാരസും മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.മെസ്സി മികച്ച പ്രകടനമാണ് നടത്തിയത്.ഒന്ന് രണ്ട് മുന്നേറ്റങ്ങളും ഗോൾ ശ്രമങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.
പ്രത്യേകിച്ച് അഞ്ചോളം വരുന്ന പ്രതിരോധനിരയെ മെസ്സി ഡ്രിബിൾ ചെയ്ത് കബളിപ്പിക്കുന്ന കാഴ്ച വളരെയധികം മനോഹരമായിരുന്നു. മാത്രമല്ല രണ്ട് ഗോൾ ശ്രമങ്ങളും മെസ്സി തുടർച്ചയായി നടത്തി. എന്നാൽ എൽ സാൽവദോറിന്റെ ഗോൾകീപ്പർ അത് തടയുകയായിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിൽ മാത്രമാണ് മെസ്സി കളിച്ചത്.
രണ്ടാം പകുതിയിൽ അദ്ദേഹത്തെ പിൻവലിക്കുകയായിരുന്നു. കൂടെ സുവാരസിനെയും ബുസ്ക്കെറ്റ്സിനെയും ആൽബയേയും പരിശീലകൻ പിൻവലിച്ചു. ഏതായാലും വലിയ ആഘോഷമായിരുന്നു ലയണൽ മെസ്സിയുടെ വരവോടുകൂടി എൽ സാൽവദോറിൽ ഉണ്ടായിരുന്നത്.മെസ്സിയെ കാണാൻ വേണ്ടി നിരവധി ആരാധകർ തടിച്ചു കൂടിയിരുന്നു. മാത്രമല്ല കനത്ത സെക്യൂരിറ്റിയായിരുന്നു മെസ്സിക്കും സംഘത്തിനും ഒരുക്കിയിരുന്നത്. ഇനിയും ഇന്റർ മയാമി 6 സൗഹൃദ മത്സരങ്ങൾ കൂടി കളിക്കുന്നുണ്ട്.
അടുത്ത മത്സരം മറ്റൊരു അമേരിക്കൻ ക്ലബ്ബായ ഡല്ലാസ് എഫ്സിക്കെതിരെയാണ്.ജനുവരി 23 തീയതിയാണ് ഈ മത്സരം നടക്കുക. അതിനുശേഷം സൗദി അറേബ്യൻ ക്ലബ്ബുകൾ ആയ അൽ നസ്ർ,അൽ ഹിലാൽ എന്നിവർക്കെതിരെയൊക്കെ മെസ്സി കളിക്കുന്നുണ്ട്. ഫെബ്രുവരി 22 ആം തീയതിയാണ് അമേരിക്കൻ ലീഗിലെ ആദ്യ മത്സരം ഇന്റർമയാമി കളിക്കുക.