ഒരു പയ്യന് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാൻ മെസ്സിക്ക് കാണിച്ചു കൊടുക്കാം, ഇത് വെല്ലുവിളിയോ ആത്മവിശ്വാസമോ?
ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.അമേരിക്കൻ ഫുട്ബോളിൽ ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് ലയണൽ മെസ്സിയെ കുറിച്ചാണ്. മെസ്സിയുടെ വരവ് അത്രയേറെ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. എതിർ താരങ്ങളും പരിശീലകരും വിമർശകരുമെല്ലാം ലയണൽ മെസ്സിയെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്.
അടുത്ത മത്സരത്തിൽ ഇൻഡർ മയാമിയും ന്യൂയോർക്ക് റെഡ് ബുൾസും തമ്മിലാണ് ഏറ്റുമുട്ടുക.മേജർ ലീഗ് സോക്കറിലാണ് ഈ മത്സരം നടക്കുന്നത്.മത്സരത്തിൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.ഒരുപക്ഷേ മെസ്സിക്ക് വിശ്രമം നൽകിയേക്കാം.അതല്ലെങ്കിൽ ലയണൽ മെസ്സിയുടെ അമേരിക്കൻ ലീഗിലെ അരങ്ങേറ്റം നമുക്ക് കാണാം. ഇതുവരെ മെസ്സി എംഎൽഎസിൽ അരങ്ങേറിയിട്ടില്ല.
ന്യൂയോർക്ക് റെഡ് ബുൾസിന്റെ യുവതാരമായ ഡാനിയൽ എഡൽമാൻ ഇപ്പോൾ ലയണൽ മെസ്സിയെ വെല്ലുവിളിച്ചിട്ടുണ്ട്.20 വയസ്സ് മാത്രമുള്ള ഒരു മിഡ്ഫീൽഡറാണ് ഈ താരം.ഒരു ന്യൂ ജേഴ്‌സി പയ്യന് എന്ത് ചെയ്യാൻ കഴിയുമെന്നത് ഞാൻ മെസ്സിക്ക് കാണിച്ചു നൽകാമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് മെസ്സിയെ പൂട്ടും എന്ന രൂപത്തിലുള്ള ഒരു വെല്ലുവിളി തന്നെയാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്.
ഇത് വെല്ലുവിളിയാണോ അതോ തമാശക്ക് പറഞ്ഞതാണോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ അമിതമായ ആത്മവിശ്വാസമാണ് ഈ യുവതാരത്തിന്റെ വാക്കുകളിൽ തുളുമ്പുന്നത്. ലയണൽ മെസ്സി കളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം ന്യൂയോർക്കിന് വലിയ തലവേദനയാകും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയാണെങ്കിൽ താരം എങ്ങനെ മെസ്സിയെ നേരിടും എന്നതാണ് ഇനി അറിയേണ്ടത്.