സ്‌കലോണിയുടെ ഭാവിയുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്,അടുത്ത കോപ്പ അമേരിക്കയിൽ അദ്ദേഹം അർജന്റീനക്കൊപ്പം ഉണ്ടാകുമോ?
അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി നടത്തിയ സ്റ്റേറ്റ്മെന്റ് വലിയ ആശങ്കയാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. വർഷങ്ങൾക്കു മുന്നേ തകർന്നു തരിപ്പണമായി നിന്നിരുന്ന അർജന്റീനയെ കെട്ടിപ്പടുത്ത് ഉയർത്തിയത് ഈ പരിശീലകനാണ്. ഇന്ന് അർജന്റീന ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമായി കൊണ്ട് നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ലയണൽ സ്‌കലോണി തന്നെയാണ്.
എന്നാൽ അദ്ദേഹം പരിശീലക സ്ഥാനം ഒഴിയുകയാണ് എന്നുള്ള സൂചനകൾ അദ്ദേഹം തന്നെ നൽകിയിരുന്നു. കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയിച്ചതിനുശേഷമായിരുന്നു അദ്ദേഹം രാജിസൂചന നൽകിയത്. ഇങ്ങനെ മുന്നോട്ടു പോകാനാവില്ല എന്നും കൂടുതൽ എനർജിയുള്ള ഒരു പരിശീലകനെ ഈ ടീമിന് ആവശ്യമാണ് എന്നുമായിരുന്നു സ്‌കലോണി പറഞ്ഞിരുന്നത്. ഈ സ്റ്റേറ്റ്മെന്റിന് പിറകിലുള്ള കാരണങ്ങൾ പിന്നീട് അർജന്റീനയിലെ മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.
മറ്റൊരു മാധ്യമപ്രവർത്തകനായ ഹെർനൻ കാസ്റ്റില്ലോ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലയണൽ സ്‌കലോണിയുടെ ഭാവി എന്താണ് എന്നതാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് അടുത്ത മാർച്ച് മാസത്തിലുള്ള സൗഹൃദ മത്സരങ്ങളിൽ അർജന്റീനയെ പരിശീലിപ്പിക്കാൻ സ്‌കലോണി ഉണ്ടാകും.അതിനുശേഷമാണ് കോപ്പ അമേരിക്ക നടക്കുന്നത്. ആ കോപ്പ അമേരിക്കയിലും അർജന്റീനയെ പരിശീലിപ്പിക്കുക സ്‌കലോണി തന്നെയാകും.
ആ കോപ്പ അമേരിക്കയിലെ റിസൾട്ട് എന്തുതന്നെയായാലും പിന്നീട് പരിശീലകസ്ഥാനം ഒഴിയാനാണ് സ്‌കലോണിയുടെ ഇപ്പോഴത്തെ തീരുമാനം. ഇതാണ് ഹെർനൻ കാസ്റ്റിലോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് അടുത്ത വേൾഡ് കപ്പിൽ അർജന്റീനയെ പരിശീലിപ്പിക്കാൻ ഇദ്ദേഹം ഉണ്ടാകില്ല എന്ന് വേണം അനുമാനിക്കാൻ. നിലവിൽ അദ്ദേഹത്തിന് 2026 വരെ ടീമുമായി കരാർ അവശേഷിക്കുന്നുണ്ട്.പക്ഷേ അർജന്റീന വിടാൻ തന്നെയാണ് അദ്ദേഹം ഇപ്പോൾ ആലോചിക്കുന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷനും കോച്ചിംഗ് സ്റ്റാഫും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഈ പരിശീലകനെ നയിക്കുന്നത്. വേൾഡ് കപ്പ് നേടിയിട്ടും അർഹമായ ഒരു പരിഗണന അസോസിയേഷനിൽ നിന്നും ഈ പരിശീലകർക്ക് ലഭിച്ചിട്ടില്ല.അക്കാര്യത്തിൽ അസോസിയേഷനോടും പ്രസിഡന്റിനോടും കടുത്ത എതിർപ്പ് കോച്ചിംഗ് സ്റ്റാഫിന് ഉണ്ട്.