ഹാമിഷ് ഒരു മികച്ച താരമൊക്കെ തന്നെയാണ്,എന്നാൽ : നിലപാട് വ്യക്തമാക്കി ലയണൽ സ്‌കലോണി
കോപ്പ അമേരിക്ക ഫൈനലിനുള്ള അവസാനവട്ട ഒരുക്കവും അർജന്റീന ഇന്നലെ പൂർത്തിയാക്കിയിരുന്നു.എതിരാളികൾ കൊളംബിയയാണ്. നാളെ രാവിലെ 5:30നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുക. അമേരിക്കയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈയൊരു കലാശ പോരാട്ടം അരങ്ങേറുക.ഒരു മികച്ച പോരാട്ടം പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും.
കൊളംബിയൻ നിരയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് അവരുടെ സൂപ്പർതാരമായ ഹാമിഷ് റോഡ്രിഗസാണ്. എല്ലാ മത്സരങ്ങളിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.ഒരു ഗോളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അതായത് കോപ്പ അമേരിക്കയിലെ ഗോൾഡൻ ബോൾ ഏറെക്കുറെ താരം ഉറപ്പിച്ചു കഴിഞ്ഞു.ഈ കോപ്പയിൽ താരത്തേക്കാൾ മികച്ച കണക്കുകൾ ആർക്കും തന്നെ അവകാശപ്പെടാനില്ല.
ഈ ഫൈനലിൽ അർജന്റീനക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുക ഹാമിഷ് റോഡ്രിഗസിന്റെ മികവ് തന്നെയാണ്. എന്നാൽ അദ്ദേഹത്തെ മാത്രം ഫോക്കസ് ചെയ്യില്ല എന്ന നിലപാട് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് കൊളംബിയ ഒരു മികച്ച ടീമാണെന്നും സ്‌കലോണി പറഞ്ഞിട്ടുണ്ട്.ഇന്നലെ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
ഹാമിഷ് ഒരു മികച്ച താരമാണ്.ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യമാണ്.പക്ഷേ ഞങ്ങൾ ഒരു താരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കില്ല. അവരുടെ ടീമിലാണ് ശ്രദ്ധ പതിപ്പിക്കുക.കൊളംബിയ എന്നുള്ളത് മികച്ച ഒരു ടീമാണ്. ഒരു പിഴവു പോലും ഞങ്ങൾക്ക് പറ്റാൻ പാടില്ല.എല്ലാം ഞങ്ങൾ ശ്രദ്ധിക്കണം. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുകയും വേണം,അർജന്റീനയുടെ പരിശീലകൻ പറഞ്ഞു.
നിലവിൽ മിന്നുന്ന ഫോമിലാണ് കൊളംബിയ കളിച്ചുകൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച 28 മത്സരങ്ങളിൽ ഒന്നിൽ പോലും അവർക്ക് പരാജയപ്പെടേണ്ടി വന്നിട്ടില്ല. ഏറ്റവും ഒടുവിൽ അവർ പരാജയപ്പെട്ടത് അർജന്റീനയോട് തന്നെയായിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക സെമി ഫൈനലിൽ തങ്ങളെ പുറത്താക്കിയ അർജന്റീനയോട് പ്രതികാരം തീർക്കാനാണ് അവർ വരുന്നത്.