ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ മികച്ച വിജയം നേടിക്കൊണ്ട് ആത്മവിശ്വാസത്തോടുകൂടി പിരിയുക എന്നതാവും ക്ലബ്ബിന്റെ ലക്ഷ്യം.എന്നാൽ ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല.
ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പ്രതികാരം കൂടി തീർക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ പുറത്താക്കിയത് ഒഡീഷയാണ്.അവരോട് ആ കണക്ക് തീർക്കേണ്ടതുണ്ട്.കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എന്ന എതിരാളികളെ കൈകളിലിട്ട് അമ്മാനമാടുന്നവനാണ് ഒഡീഷയുടെ പരിശീലകനായ സെർജിയോ ലൊബേറ.മുൻകാല കണക്കുകൾ അതാണ് തെളിയിക്കുന്നത്.
ലൊബേറ ഇതുവരെ ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചിട്ടുള്ളത് 11 മത്സരങ്ങളാണ്.അതിൽ 9 മത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞു എന്ന് പറയുമ്പോൾ അദ്ദേഹം എത്രത്തോളം ആധിപത്യം പുലർത്തുന്നു എന്നത് വ്യക്തമാകും.ഒരു തോൽവി മാത്രമാണ് അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിനോട് വഴങ്ങേണ്ടി വന്നിട്ടുള്ളത്. 27 ഗോളുകൾ നേടിയപ്പോൾ 13 ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്.ഈ കണക്കിൽ നിന്നും കാര്യങ്ങൾ വളരെ വ്യക്തമാണ്.ബ്ലാസ്റ്റേഴ്സിനെ ഒരു കാരണവശാലും ഈ പരിശീലകൻ പേടിക്കുന്നില്ല.
ഈ സീസണിൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും എളുപ്പമല്ല. എന്തെന്നാൽ ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഒഡീഷ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.പക്ഷേ കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂരിനെ തോൽപ്പിക്കാൻ കഴിഞ്ഞു എന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.ഏതായാലും ഒരു മികച്ച പോരാട്ടം നമുക്ക് എല്ലാവർക്കും ഇന്ന് പ്രതീക്ഷിക്കാം.