മൂന്ന് രാജ്യങ്ങളിൽ നിന്നും ഓഫർ,ലൊദെയ്റോ ബ്ലാസ്റ്റേഴ്സിൽ എത്തുമോ? ഏജന്റ് പറഞ്ഞതെന്ത്?
കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ട്രാൻസ്ഫർ നീക്കം തീർച്ചയായും ഇന്ത്യൻ ഫുട്ബോളിനെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.ബ്ലാസ്റ്റേഴ്സ് വലിയ സ്വപ്നങ്ങൾ കാണുന്നുണ്ട് എന്നത് വ്യക്തമാണ്. സൗത്ത് അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നിക്കോളാസ് ലൊദെയ്റോക്ക് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.അദ്ദേഹത്തിന് വേണ്ടി വലിയ തുക മുടക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
കാരണം ആകർഷകമായ ഒരു ഓഫർ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സ് നൽകി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. പക്ഷേ അദ്ദേഹത്തെപ്പോലെ ഒരു താരം ഇന്ത്യയിലേക്ക് വരുമോ എന്നത് സംശയം ഉണ്ടാക്കുന്ന കാര്യമാണ്. 34കാരനായ താരം ഇപ്പോഴും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലയണൽ മെസ്സി കളിച്ച അമേരിക്കൻ ലീഗിലായിരുന്നു ലൊദെയ്റോ കളിച്ചിരുന്നത്.
കാര്യത്തിലെ കൂടുതൽ വിവരങ്ങൾ ഉറുഗ്വയിലെ മാധ്യമപ്രവർത്തകനായ മാർട്ടിൻ ഷാർക്കെറോ പുറത്ത് വിട്ടിട്ടുണ്ട്. അതായത് താരത്തിന്റെ ഏജന്റ് ആയ ജെറാർഡ് കാനോ താരം വിദേശത്ത് കളിക്കാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിട്ടുണ്ട് എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. അതായത് സ്വന്തം നാട്ടിൽ തന്നെ തുടരാനാണ് ലൊദെയ്റോയുടെ പദ്ധതികൾ എന്നാണ് അറിയാൻ സാധിക്കുന്നത്.
ഉറുഗ്വയിലെ വമ്പൻ ക്ലബ്ബാണ് നാസിയോണൽ.സുവാരസ് കളിച്ച ക്ലബ്ബ് കൂടിയാണിത്. ആ ക്ലബ്ബിലേക്ക് ലൊദെയ്റോ വരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.അതിനിടക്കാണ് ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയത്.ഇതോടെ നാസിയോണലിനോട് താരം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.ഇത് നാസിയോണൽ ആരാധകരെ നിരാശയിലാക്കിയിരുന്നു.നിലവിൽ മൂന്ന് രാജ്യങ്ങളിൽ നിന്നും ഈ താരത്തിന് ഓഫറുകൾ ഉണ്ട്.അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെതാണ്. പക്ഷേ അദ്ദേഹം ഇനി വിദേശത്ത് കളിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ താരം ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിരസിച്ചേക്കും.
അദ്ദേഹത്തിന്റെ ഏജന്റിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത് ഇന്ത്യയിലേക്ക് താരം വരാൻ സാധ്യതയില്ല എന്നത് തന്നെയാണ്. ഈ വർഷത്തിന്റെ ഏറ്റവും അവസാനത്തിലാണ് ലൊദെയ്റോ തീരുമാനമെടുക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെ നാസിയോണൽ ആരാധകർ തങ്ങളുടെ ക്ലബ്ബിലേക്ക് വരാൻ ആവശ്യപ്പെടുന്നുണ്ട്.എന്നാൽ നിലവിൽ നാസിയോണലുമായി അദ്ദേഹം ചർച്ച ചെയ്യുന്നില്ല.കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും താരത്തോട് ഇങ്ങോട്ട് വരാൻ ആവശ്യപ്പെടുന്നുണ്ട്.സ്വന്തം നാട്ടിലെ ഏറ്റവും മികച്ച ക്ലബ്ബിൽ കളിക്കാനുള്ള അവസരം ലൊദെയ്റോ ഉപയോഗപ്പെടുത്താൻ തന്നെയാണ് ഇവിടെ സാധ്യതകൾ.