കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകനായിരുന്ന ഇവാൻ വുക്മനോവിച്ച് മൂന്ന് വർഷത്തെ സേവനത്തിനുശേഷം ക്ലബ്ബ് വിട്ടിരുന്നു. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയാണ് ചെയ്തിരുന്നത്. പുതിയ പരിശീലകന് വേണ്ടി ബ്ലാസ്റ്റേഴ്സ് കുറച്ച് കാലം ശ്രമങ്ങൾ നടത്തി. ഒടുവിൽ സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയെ കൊണ്ടുവരികയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്.
എന്നാൽ മോഹൻ ബഗാൻ പരിശീലകനായിരുന്ന അന്റോണിയോ ലോപസ് ഹബാസിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെയധികം പരിചയസമ്പത്തുള്ള പരിശീലകനാണ് ഹബാസ്.എന്നാൽ ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തെ ലഭിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സിന്റെ ക്ഷണം അദ്ദേഹം നിരസിക്കുകയാണ് ചെയ്തത്.
പക്ഷേ മറ്റൊരു ക്ലബ്ബിന്റെ പരിശീലകനായി കൊണ്ട് അദ്ദേഹം ചുമതല ഏറ്റു കഴിഞ്ഞു.ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയെയാണ് ഹബാസ് ഇനി പരിശീലിപ്പിക്കുക. ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നു കഴിഞ്ഞു.ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ഒരു ക്ലബ്ബിനെ നിരസിച്ചുകൊണ്ട് ഹബാസ് ഐ ലീഗ് ക്ലബ്ബിനെ തിരഞ്ഞെടുക്കാനുള്ള ചേതോവികാരം എന്താണെന്ന് ആരാധകർ അന്വേഷിച്ചിരുന്നു.
അതിനുള്ള കൃത്യമായ കാരണങ്ങൾ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഒരു ലോങ്ങ് ടേം പ്രൊജക്ടാണ് അദ്ദേഹത്തിന് വേണ്ടത്. ഉത്തർപ്രദേശിൽ സ്ഥിരതയാർന്ന ഒരു ഫുട്ബോൾ സിസ്റ്റം ഉണ്ടാക്കിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കൂടാതെ ഇന്റർ കാശിയെ ഐഎസ്എല്ലിലേക്ക് പ്രമോട്ട് ചെയ്യുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. അതിനൊക്കെ പുറമേ കൂടുതൽ യുവ താരങ്ങളെ വളർത്തുക എന്നതുകൂടി അവർ ലക്ഷ്യം വെക്കുന്നുണ്ട്.ഐ ലീഗിൽ കളിക്കുന്ന ടീമിനെ മുന്നോട്ടുകൊണ്ടുവന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാക്കി മാറ്റുക എന്ന വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.
ഇത്തരത്തിലുള്ള വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന പരിശീലകനാണ് ഹബാസ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇന്റർ കാശിയെ തിരഞ്ഞെടുത്തിട്ടുള്ളത്.ഹബാസിന്റെ മികവിൽ ആർക്കും സംശയം കാണില്ല. അദ്ദേഹം ഇന്റർ കാശിയെ ഏറെ മുന്നോട്ടു നയിക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.