ഇന്ത്യൻ ഫുട്ബോൾ വരുന്ന വർഷങ്ങൾക്കുള്ളിൽ അതിവേഗ വളർച്ചയാണ് ലക്ഷ്യമിടുന്നത്.എന്നാൽ അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.ഏഷ്യയിലെ ഒരു മികച്ച ടീമായി തന്നെ വളരണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. പക്ഷേ സമീപകാലത്ത് പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ ഇന്ത്യൻ ഫുട്ബോളിൽ സംഭവിച്ചിട്ടുണ്ട്.കൂടുതൽ മികച്ച താരങ്ങൾ ഇന്ത്യയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടിയാണ് കൂടുതൽ പ്രതിഭകൾക്ക് തങ്ങളുടെ ടാലന്റ് തെളിയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.ഇന്ത്യൻ നാഷണൽ ടീം മോശമല്ലാത്ത രൂപത്തിൽ കളിക്കുന്നുണ്ട്. എന്നിരുന്നാലും ഇടയ്ക്കിടെ തോൽവികൾ ഏറ്റുവാങ്ങേണ്ട അവസ്ഥ വരുന്നുണ്ട്. കഴിഞ്ഞ ഖത്തറിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.എന്നാൽ അതിനു മുൻപ് കുവൈത്തിനെ തോൽപ്പിക്കാൻ കഴിഞ്ഞത് സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു.
ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് ലിവർപൂൾ ഇതിഹാസമായ ലൂയിസ് ഗാർഷ്യ സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കുട്ടികൾക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട പരിജ്ഞാനം വളർത്തണമെന്നും അവരെ ഫുട്ബോളുമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ മാത്രമാണ് ഉയർന്ന ലെവലിലേക്ക് എത്താൻ ഇന്ത്യയ്ക്ക് സാധിക്കുകയൊന്നും ഗാർഷ്യ പറഞ്ഞിട്ടുണ്ട്. മുൻപ് ഇന്ത്യയിൽ ATKക്ക് കളിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം.
കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യൻ ഫുട്ബോളിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എടുത്തു നോക്കുക. യുവ തലമുറയെ വളർത്തിക്കൊണ്ടു വരാൻ ആവശ്യമായ ഒരുപാട് അധ്വാനങ്ങൾ ഇവിടെ നടക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. അന്താരാഷ്ട്രതലത്തിൽ കോമ്പറ്റീറ്റീവായി തുടരാനുള്ള ഏകമാർഗ്ഗം അത് തന്നെയാണ്.മികച്ച യുവ താരങ്ങളെ വളർത്തിയെടുക്കേണ്ടതുണ്ട്. ഉയർന്ന നിലവാരത്തിൽ നിങ്ങൾക്ക് പോരാടേണ്ടതുണ്ടെങ്കിൽ, തീർച്ചയായും കുട്ടികളിൽ ഫുട്ബോൾ പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്,അതിന് അവരെ അനുവദിക്കേണ്ടതുണ്ട്, ഇതാണ് മുൻ ബാഴ്സലോണ താരം കൂടിയായ ഗാർഷ്യ പറഞ്ഞിട്ടുള്ളത്.
അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വ്യക്തമാണ്. ഗ്രാസ് റൂട്ട് ലെവലിൽ ഫുട്ബോൾ വളർത്തി തുടങ്ങണം. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നൽകണം.എന്നാൽ മാത്രമാണ് ഇന്ത്യയിൽ നിന്നും മികച്ച താരങ്ങൾ ഉണ്ടാവുക.അങ്ങനെയായാൽ മാത്രമാണ് ഇന്ത്യക്ക് മികച്ച ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുക.