ഇന്ത്യൻ ഫുട്ബോൾ വരുന്ന വർഷങ്ങൾക്കുള്ളിൽ അതിവേഗ വളർച്ചയാണ് ലക്ഷ്യമിടുന്നത്.എന്നാൽ അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.ഏഷ്യയിലെ ഒരു മികച്ച ടീമായി തന്നെ വളരണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. പക്ഷേ സമീപകാലത്ത് പോസിറ്റീവായ ഒരുപാട് കാര്യങ്ങൾ ഇന്ത്യൻ ഫുട്ബോളിൽ സംഭവിച്ചിട്ടുണ്ട്.കൂടുതൽ മികച്ച താരങ്ങൾ ഇന്ത്യയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോടുകൂടിയാണ് കൂടുതൽ പ്രതിഭകൾക്ക് തങ്ങളുടെ ടാലന്റ് തെളിയിക്കാനുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.ഇന്ത്യൻ നാഷണൽ ടീം മോശമല്ലാത്ത രൂപത്തിൽ കളിക്കുന്നുണ്ട്. എന്നിരുന്നാലും ഇടയ്ക്കിടെ തോൽവികൾ ഏറ്റുവാങ്ങേണ്ട അവസ്ഥ വരുന്നുണ്ട്. കഴിഞ്ഞ ഖത്തറിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.എന്നാൽ അതിനു മുൻപ് കുവൈത്തിനെ തോൽപ്പിക്കാൻ കഴിഞ്ഞത് സന്തോഷം നൽകിയ ഒരു കാര്യമായിരുന്നു.
ലിവർപൂളിന്റെ ഇതിഹാസമായ ലൂയിസ് ഗാർഷ്യ നേരത്തെ ഇന്ത്യൻ ക്ലബ്ബായ ATKക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അദ്ദേഹം ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ നാഷണൽ ടീം ഏഷ്യയിലും പരിസരങ്ങളിലും സൗഹൃദമത്സരങ്ങൾ കൂടുതലായിട്ട് കളിക്കേണ്ടതുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മത്സരങ്ങളിലെ റിസൾട്ട് കാര്യമാക്കി എടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.PTIയാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വർഷത്തിൽ ഇന്ത്യയുടെ ദേശീയ ടീം മത്സരങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നു.ഏഷ്യയിലും പരിസരപ്രദേശങ്ങളിലും ഇന്ത്യ സൗഹൃദ മത്സരങ്ങൾ കളിക്കാൻ വേണ്ടി പരമാവധി ശ്രമിക്കണം. വ്യത്യസ്തമായ ഫുട്ബോളിനെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.അതുകൊണ്ടുതന്നെ ഇന്ത്യ റിസൾട്ടിനെ കാര്യമാക്കേണ്ടതില്ല.മറിച്ച് വ്യത്യസ്തമായ ഫുട്ബോളിനെ നേരിടണം,ലിവർപൂൾ ലെജൻഡ് പറഞ്ഞു.
അതായത് ഏഷ്യയിലും ചുറ്റുവട്ടത്തുമുള്ള മികച്ച ടീമുകൾക്കെതിരെ കളിക്കണം എന്ന് തന്നെയാണ് ഇദ്ദേഹം പറയുന്നത്.റിസൾട്ടുകൾക് ഇപ്പോൾ വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും മറിച്ച് അനുഭവ സമ്പത്ത് ഉണ്ടാക്കിയെടുക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ കൂടുതൽ മികച്ച ടീമുകൾക്കെതിരെ കളിച്ചുകൊണ്ട് എക്സ്പീരിയൻസ് കൈവരിക്കേണ്ട ആവശ്യകതയെയാണ് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.