ഇത്തവണത്തെ കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനമാണ് ലൂയിസ് സുവാരസിന്റെ ഉറുഗ്വ സ്വന്തമാക്കിയിട്ടുള്ളത്.കാനഡയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അവർ തോൽപ്പിക്കുകയായിരുന്നു. സെമി ഫൈനൽ പോരാട്ടത്തിൽ കൊളംബിയയോട് പരാജയപ്പെട്ടുകൊണ്ടാണ് ഉറുഗ്വക്ക് ഫൈനലിനുള്ള യോഗ്യത നഷ്ടമായത്. ഫൈനലിൽ എത്തിയിരുന്നുവെങ്കിൽ അർജന്റീനയും ഉറുഗ്വയും തമ്മിലുള്ള മത്സരം കാണാൻ സാധിക്കുമായിരുന്നു.
അതായത് മെസ്സിയും സുവാരസ്സും പരസ്പരം നേർക്കുനേർ വരുന്ന മത്സരം. ഇതിനുവേണ്ടി തന്നെയായിരുന്നു സുവാരസ് ആഗ്രഹിച്ചിരുന്നത്. അതായത് ഫൈനലിൽ അർജന്റീനക്കെതിരെ അഥവാ മെസ്സിക്കെതിരെ കളിക്കാൻ താൻ ആഗ്രഹിച്ചിരുന്നു എന്നുള്ള കാര്യം സുവാരസ് തന്നെ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ഫൈനലിന് യോഗ്യത നടാൻ സാധിക്കാതെ പോയത് അത്യന്ത്യം വേദനാജനകമാണെന്നും സുവാരസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
കോപ്പ അമേരിക്കയിൽ നിന്നും പുറത്തായത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം വേദനാജനകമായിരുന്നു.ഫൈനലിൽ എത്താൻ സാധിക്കുമെന്നും കിരീടം നേടാൻ സാധിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.എന്റെ സുഹൃത്തായ ലയണൽ മെസ്സി കോപ്പ അമേരിക്ക നേടുമെന്നാണ് ഇനി ഞാൻ പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സിയും ഡി മരിയയും ആ കിരീടം അർഹിക്കുന്നുണ്ട്.കാരണം അത്രത്തോളം അവർ തങ്ങളുടെ രാജ്യത്തിന് വേണ്ടി ചെയ്തിട്ടുണ്ട്.
ഫൈനലിൽ ലയണൽ മെസ്സിയെ നേരിടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.എന്തെന്നാൽ ഫൈനലിൽ അദ്ദേഹത്തെ നേരിടാനുള്ള അവസാനത്തെ അവസരമായിരുന്നു ഇത്.മെസ്സി കിരീടം ഉയർത്തും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഞാൻ മെസ്സിയെ സപ്പോർട്ട് ചെയ്യും. തീർച്ചയായും മത്സരം വീക്ഷിക്കാൻ ഞാൻ ഉണ്ടാകും,ഇതാണ് സുവാരസ് പറഞ്ഞത്.
കാനഡക്കെതിരെയുള്ള മത്സരത്തിന്റെ അവസാനത്തിൽ സമനില ഗോൾ നേടിയത് സുവാരസാണ്. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ഉറുഗ്വ വിജയിച്ച് കയറിയത്. ഇനിയൊരു കോപ്പ അമേരിക്ക ടൂർണമെന്റ് കളിക്കാൻ സുവാരസ് ഉണ്ടായയേക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.