ലൂണയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി,സ്ഥിരീകരിച്ച് പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.നാളെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരം കളിക്കുന്നത്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7:30ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉണ്ടായിരുന്നില്ല.അസുഖം മൂലമായിരുന്നു അദ്ദേഹത്തിന് മത്സരം നഷ്ടമായിരുന്നത്.അദ്ദേഹത്തിന്റെ അഭാവം നന്നായി നിഴലിച്ച് കാണുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത മത്സരത്തിന് ലൂണ ഉണ്ടാകുമെന്നും അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല എന്നും പരിശീലകനായ സ്റ്റാറേ അന്ന് പറഞ്ഞിരുന്നു.
പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ച രൂപത്തിൽ അല്ല പുരോഗമിച്ചിട്ടുള്ളത്.അഡ്രിയാൻ ലൂണ അസുഖത്തിൽ നിന്നും പൂർണ്ണമായും മുക്തനായിട്ടില്ല.അതുകൊണ്ടുതന്നെ നാളത്തെ മത്സരം അദ്ദേഹം കളിക്കില്ല.ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിച്ചിട്ടുള്ളത് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ തന്നെയാണ്. ഒരല്പം മുമ്പ് നടന്ന പത്രസമ്മേളനത്തിലാണ് സ്റ്റാറേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ലൂണ നിലവിൽ ഓക്കേ ആണ്. പക്ഷേ പൂർണ്ണമായും മുക്തനാവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.നാളത്തെ മത്സരത്തിൽ അദ്ദേഹം കളിക്കില്ല. ഒരുപക്ഷേ അടുത്ത മത്സരത്തിന് അദ്ദേഹം തയ്യാറായേക്കാം ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്. കഴിഞ്ഞ മത്സരത്തിൽ ഈ ക്യാപ്റ്റൻ ഇല്ലാത്തതുകൊണ്ട് തന്നെ ക്രിയേറ്റീവ് ആയ മുന്നേറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ലൂണയുടെ വിടവ് നികത്താൻ കഴിവുള്ള താരങ്ങൾ ആരും തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഇല്ല. നാളെ ഈസ്റ്റ് ബംഗാളിനെ നേരിടുമ്പോഴും ഇതുതന്നെയാകും സ്ഥിതി. ആരൊക്കെയായിരിക്കും മുന്നേറ്റത്തിൽ ഉണ്ടാവുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.