ഇവാൻ വുക്മനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി എത്തിയതിനു ശേഷമുള്ള മൂന്നാമത്തെ സീസണാണിത്. ഇതിൽ ആദ്യത്തെ സീസൺ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ല.കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഏറെ മികവുറ്റ പ്രകടനങ്ങൾ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള ഒന്നായിരുന്നു ആ സീസൺ. അതിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള താരങ്ങളാണ് അഡ്രിയാൻ ലൂണയും ആൽവരോ വാസ്ക്കസും ജോർഹെ പെരേര ഡയസും.
മൂന്നുപേരും കളിക്കളത്തിൽ വളരെയധികം ഒത്തിണക്കം കാണിച്ചിരുന്നു. മികച്ച ഒരുപാട് ഗോളുകൾ ആ സീസണിൽ പിറക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് രണ്ടുപേർ ക്ലബ്ബ് വിടുകയായിരുന്നു.വാസ്ക്കാസ് ഗോവയിലേക്ക് പോയപ്പോൾ ഡയസ് മുംബൈ സിറ്റിയിലേക്ക് പോവുകയായിരുന്നു. എന്നാൽ ലൂണ അപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരാൻ തീരുമാനിച്ചു.
ഈ കൂട്ടുകെട്ടിനെ കുറിച്ച് ഇപ്പോൾ അഡ്രിയാൻ ലൂണ തന്നെ സംസാരിച്ചിട്ടുണ്ട്. കളത്തിനകത്തും പുറത്തും താൻ ഒരുപാട് ആസ്വദിച്ച കൂട്ടുകെട്ടാണ് ഈ കൂട്ടുകെട്ട് എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്. ഭാഷ ഒരു തടസ്സമില്ലാത്തതിനാൽ തങ്ങൾക്ക് പരസ്പരം നന്നായി മനസ്സിലാക്കാൻ സാധിച്ചിരുന്നുവെന്നും ലൂണ പറഞ്ഞിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ.
ഡയസിനും ആൽവരോക്കുമൊപ്പമുള്ള ആദ്യ സീസൺ,ഞങ്ങൾ എപ്പോഴും സ്പാനിഷായിരുന്നു സംസാരിച്ചിരുന്നത്. ഞങ്ങൾ എല്ലാ സമയവും ഒരുമിച്ചായിരുന്നു.കളത്തിനകത്തും പുറത്തും ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ആസ്വദിച്ചിരുന്നു.അവർക്കൊപ്പം കളിക്കുന്നത് ഒരുപാട് ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു, ഒരേ ഭാഷ സംസാരിക്കുന്നവർ ആയതുകൊണ്ട് തന്നെ കൂടുതൽ എളുപ്പമായിരുന്നു കാര്യങ്ങൾ,ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ലൂണക്ക് സാധിച്ചിരുന്നു.മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു. പിന്നീട് പരിക്ക് അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ഇനി അടുത്ത സീസണിൽ മാത്രമാണ് താരത്തിന് കളിക്കാൻ സാധിക്കുക.