ലൂണക്ക് എന്താണ് സംഭവിച്ചത്? അടുത്ത മത്സരത്തിന് ഉണ്ടാകുമോ?കോച്ച് പറയുന്നു!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് തിരുവോണനാളിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഇതൊക്കെ ഈ തോൽവിയുടെ ആഘാതം വർദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്. പകരക്കാരനായി ഇറങ്ങിയ ലൂക്ക മേയ്സണാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് തള്ളിവിട്ടത്.
മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നില്ല.പ്രത്യേകിച്ച് ആദ്യപകുതി വളരെ മോശമായിരുന്നു. ക്രിയേറ്റീവായ നീക്കങ്ങളുടെ അഭാവം മത്സരങ്ങളിൽ ഉടനീളം നിഴലിച്ചു കണ്ടിരുന്നു.അതിന്റെ കാരണം മറ്റൊന്നുമല്ല. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം തന്നെയാണ്. മത്സരത്തിന് തൊട്ടു മുന്നേയാണ് ലൂണ സ്‌ക്വാഡിൽ തന്നെ ഇല്ല എന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെടുന്നത്.
അദ്ദേഹത്തിന് അസുഖമാണ് എന്ന റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.അത് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ ശരി വെച്ചിട്ടുണ്ട്. എന്നാൽ അടുത്ത മത്സരത്തിൽ ലൂണ തിരിച്ചെത്തുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകൻ.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ലൂണ അടുത്ത മത്സരത്തിന് ലഭ്യമായിരിക്കും.അദ്ദേഹത്തിന് പരിക്കുകൾ ഒന്നുമില്ല. മറിച്ച് അദ്ദേഹത്തിന് അസുഖമാണ് ‘ ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.താരത്തിന് പനിയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുക ഈസ്റ്റ് ബംഗാളിനെതിരെയാണ്. ഞായറാഴ്ചയാണ് ആ മത്സരം
അതിൽ ലൂണ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ലൂണ വരുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ മാറ്റം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇന്നലെ നോവ സദോയി മാത്രമാണ് ഒരൽപ്പമെങ്കിലും മുന്നേറ്റ നിരയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. രണ്ടാം പകുതിയിൽ മധ്യനിരയിൽ വിബിൻ വന്നതോടുകൂടി ഒരു ഊർജ്ജം ലഭിച്ചിരുന്നു.സ്റ്റാറേയുടെ സ്റ്റാർട്ടിങ് ഇലവൻ തന്നെ ശരിയായില്ല എന്ന അഭിപ്രായവും ഇപ്പോൾ ഏറെയാണ്.