കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു തോൽവി കൂടി ഇപ്പോൾ ഏറ്റുവാങ്ങിയിട്ടുണ്ട്.എഫ്സി ഗോവ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ ബോറിസ് സിംഗിന്റെ ഗോളാണ് ഗോവക്ക് വിജയം സമ്മാനിച്ചത്.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.
ഈ തോൽവിയുമായി ബന്ധപ്പെട്ട ഒരുപാട് അഭിപ്രായങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.ബ്ലാസ്റ്റേഴ്സ് വഴങ്ങിയ ഗോൾ സച്ചിൻ സുരേഷിന് തടയാമായിരുന്നു എന്ന് അഭിപ്രായം പങ്കുവെക്കുന്നവർ ഏറെയാണ്. അതേസമയം ലൂണയുടെ പ്രകടനത്തെ പ്രശംസിക്കുന്നവരുമുണ്ട്. മത്സരത്തിൽ ലൂണ നന്നായി കളിക്കുകയും അവസരങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.അവസാനം അദ്ദേഹം ഒരു മികച്ച അവസരം സന്ദീപിന് ഒരുക്കിയിരുന്നു.
എന്നാൽ സന്ദീപ് അത് പുറത്തേക്ക് അടിച്ചു പാഴാക്കുകയായിരുന്നു.ലൂണ നന്നായി കളിച്ചു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ലൂണയും സ്ട്രൈക്കർമാരും തമ്മിലുള്ള കണക്ഷൻ കുറവാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. അതേസമയം നോവയുടെ ഈ മത്സരത്തിലെ പ്രകടനത്തിന്റെ കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായക്കാരുണ്ട്.അദ്ദേഹത്തെ ബോറിസ് സിംഗ് നന്നായി പൂട്ടി എന്നാണ് ഒരു വിഭാഗം ആരാധകർ പറഞ്ഞിട്ടുള്ളത്.
എന്നാൽ നോവ ഒരല്പം സെൽഫിഷായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.പാസുകളും ക്രോസുകളും നൽകേണ്ട സമയത്ത് അത് നൽകാൻ നോവ മടിക്കുന്നുവെന്നും സ്വയം ഗോളടിക്കാൻ മാത്രമാണ് അദ്ദേഹം എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും പല ആരാധകരും ആരോപിക്കുന്നുണ്ട്. ഏതായാലും നോവ പരമാവധി അധ്വാനിച്ച് കളിച്ചെങ്കിലും ഒന്നും ഫലവത്തായിട്ടില്ല. പ്രതീക്ഷിച്ച പോലെ ഇമ്പാക്ട് ഉണ്ടാക്കാൻ ഈ മത്സരത്തിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഈ മത്സരത്തിലും തോറ്റതോടെ ആരാധകരുടെ നിരാശയും ദേഷ്യവും ഇരട്ടിയായിട്ടുണ്ട്.