ആശങ്ക വേണ്ട,ലൂണയെത്തി!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെയാണ് നേരിടുന്നത്. വരുന്ന സെപ്റ്റംബർ പതിനഞ്ചാം തീയതി അഥവാ ഞായറാഴ്ച വൈകിട്ട് 7:30നാണ് ഈ മത്സരം നടത്തുക. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് മത്സരം അരങ്ങേറുക. ഇത് മുതലെടുത്തുകൊണ്ട് ഒരു ഗംഭീര വിജയം ബ്ലാസ്റ്റേഴ്സ് നേടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കൊൽക്കത്തയിൽ വെച്ചുകൊണ്ട് നടന്ന കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. എന്നാൽ മത്സരത്തിൽ അഡ്രിയാൻ ലൂണ ഇല്ലാത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് എന്തുപറ്റി എന്ന് ആരാധകർ അന്വേഷിച്ചിരുന്നു.തുടർന്ന് ഒഫീഷ്യൽ അപ്ഡേറ്റ് കേരള ബ്ലാസ്റ്റേഴ്സ് തന്നെ പുറത്തുവിടുകയായിരുന്നു.
അഡ്രിയാൻ ലൂണ നാട്ടിലേക്ക് മടങ്ങിയിരുന്നു.കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യും എന്നായിരുന്നു ബ്ലാസ്റ്റേഴ്സ് നൽകിയ അപ്ഡേറ്റ്.അതുകൊണ്ടുതന്നെ ഐഎസ്എല്ലിലെ ആദ്യ മത്സരം അദ്ദേഹത്തിന് നഷ്ടമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നു.പക്ഷേ ആശങ്കകൾ ഇപ്പോൾ വഴി മാറിയിട്ടുണ്ട്.അഡ്രിയാൻ ലൂണ തിരിച്ചെത്തിക്കഴിഞ്ഞു.
കൊച്ചിയിൽ ഇറങ്ങിയ ലൂണക്കൊപ്പമുള്ള ചിത്രം ഒരു ആരാധകൻ പങ്കുവെച്ചിട്ടുണ്ട്. ഇതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ തിരിച്ചെത്തി എന്നുള്ളത് വ്യക്തമായത്. ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിന് അദ്ദേഹം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്‌ക്വാഡ് പ്രസന്റേഷൻ ചടങ്ങിൽ ലൂണ ഉണ്ടായിരുന്നില്ല.ഈ സീസണിലെ ക്യാപ്റ്റൻ ലൂണയും വൈസ് ക്യാപ്റ്റൻ മിലോസ് ഡ്രിൻസിച്ചുമാണ് എന്നുള്ള കാര്യം ബ്ലാസ്റ്റേഴ്സ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ ഒക്കെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുത്ത താരമാണ് അഡ്രിയാൻ ലൂണ. പിന്നീട് അദ്ദേഹത്തിന് പരിക്കേറ്റതോട് കൂടിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ താളം തെറ്റിയത്. ഇത്തവണ അങ്ങനെയൊന്നും സംഭവിക്കാതെ മുഴുവൻ മത്സരങ്ങളിലും അദ്ദേഹത്തെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.