ഞാൻ ലൂക്ക മജ്‌സെന് മെസ്സേജ് അയച്ചു: തുറന്ന് പറഞ്ഞ് രാഹുൽ!
കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലായിരുന്നു ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നത്. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ആ മത്സരത്തിൽ തിളങ്ങിയത് പകരക്കാരനായി ഇറങ്ങിയ അവരുടെ സൂപ്പർ താരം ലൂക്കാ മജ്‌സെനായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് ആ മത്സരത്തിൽ അദ്ദേഹം നേടിയത്.
കേരള ബ്ലാസ്റ്റേഴ്സ് ഫ്ലാഗ് റിമൂവ് ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ സെലിബ്രേഷൻ ഒക്കെ വലിയ രൂപത്തിൽ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ആ മത്സരത്തിൽ തന്നെ ഈ സൂപ്പർ താരത്തിന് പരിക്കേറ്റിരുന്നു.മലയാളി താരമായ രാഹുൽ അദ്ദേഹത്തെ ഗുരുതരമായി ഫൗൾ ചെയ്യുകയായിരുന്നു.അദ്ദേഹത്തിന്റെ താടി എല്ലിന് പൊട്ടൽ ഏൽക്കുകയും സർജറിക്ക് വിധേയനാവേണ്ടി വരികയും ചെയ്തു. തുടർന്ന് കുറച്ച് കാലമായി അദ്ദേഹം പുറത്താണ്.
ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പഞ്ചാബ് എഫ്സി തന്നെ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിരുന്നു.രാഹുൽ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് എന്നായിരുന്നു പഞ്ചാബ് പറഞ്ഞിരുന്നത്.ഏതായാലും ഈ വിഷയത്തിൽ ഒരിക്കൽ കൂടി രാഹുൽ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. മത്സരശേഷം മജ്‌സന് മെസ്സേജ് അയച്ചുകൊണ്ട് അത് മനഃപൂർവ്വമല്ല എന്ന് വ്യക്തമാക്കി എന്നാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ പഞ്ചാബിനെതിരെയുള്ള മത്സരശേഷം ഞാൻ ലൂക്കാ മജ്‌സെന് മെസ്സേജ് അയച്ചിരുന്നു. തനിക്ക് അക്കാര്യത്തിൽ ദുഃഖമുണ്ട് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.മാത്രമല്ല അത് മനപ്പൂർവ്വം സംഭവിച്ചത് അല്ല എന്നും ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് പരിക്കേറ്റു എന്നുള്ളത് മത്സരശേഷം മാത്രമാണ് ഞാൻ അറിഞ്ഞത് ‘ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
ഏതായാലും ആ മത്സരത്തിൽ പരാജയപ്പെട്ടത് ആരാധകർക്ക് ഏറെ നിരാശ നൽകിയിരുന്ന കാര്യമായിരുന്നു. ഇനി പഞ്ചാബിനെതിരെ അടുത്ത മത്സരം അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് നടക്കുക.ആ മത്സരത്തിൽ തോൽവിക്ക് പ്രതികാരം തീർക്കണം എന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്.