ആദ്യം ആരാധകൻ,പിന്നീട് ബോൾ ബോയ്, പിന്നീട് താരം:ബ്ലാസ്റ്റേഴ്സിലെ വളർച്ച പങ്കുവെച്ച് നിഹാൽ!
കേരള ബ്ലാസ്റ്റേഴ്സിലൂടെ വളർന്നുവന്ന് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറിയ താരമാണ് നിഹാൽ സുധീഷ്.ഇപ്പോൾ പഞ്ചാബിന് വേണ്ടി ലോൺ അടിസ്ഥാനത്തിലാണ് അദ്ദേഹം കളിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരു വർഷത്തെ ലോണിലാണ് അദ്ദേഹം പഞ്ചാബിലേക്ക് പോയത്.ഈ ഐഎസ്എല്ലിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കാൻ നിഹാലിന് കഴിയുന്നുണ്ട്.
2019 ലാണ് ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഭാഗമായിത്തീരുന്നത്.പിന്നീട് സീനിയർ ടീമിന് വേണ്ടി ഒട്ടേറെ മത്സരങ്ങൾ കളിച്ചു. കഴിഞ്ഞ സീസണിൽ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ അതിനേക്കാൾ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് അദ്ദേഹം പഞ്ചാബിലേക്ക് പോയത്. പഞ്ചാബിൽ കിട്ടുന്ന അവസരങ്ങൾ മുതലെടുക്കാൻ ഇപ്പോൾ നിഹാലിന് കഴിയുന്നുണ്ട്.നിലവിൽ പഞ്ചാബ് താരം ആണെങ്കിലും അദ്ദേഹം ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ തന്നെയാണ്.
പുതിയ അഭിമുഖത്തിലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സംസാരിച്ചിട്ടുള്ളത്.ആദ്യ സീസൺ തൊട്ടേ താൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകനാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പിന്നീട് കൊച്ചി സ്റ്റേഡിയത്തിൽ ബോൾ ബോയ് ആയെന്നും അതിനുശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ താരമായി മാറിയത് എന്നും നിഹാൽ വെളിപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളെ ഖേൽ നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
‘ഐഎസ്എല്ലിന്റെ തുടക്കം തൊട്ടേ ഞാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകനാണ്.ഇയാൻ ഹ്യുമും ഡേവിഡ് ജെയിംസും ഒക്കെ ഉള്ള ആദ്യ സീസണിൽ തന്നെ ഞാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊരു സ്വപ്ന സമാനമായിരുന്നു.സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു,ആരാധകർ ആവേശഭരിതരായിരുന്നു. പിന്നീട് രണ്ടാം സീസണിലും മൂന്നാം സീസണിലും ഒക്കെ ഞാൻ ബോൾ ബോയ് ആയി. അതിനുശേഷമാണ് ഒരു പ്ലെയർ ആയി മാറിയത് ‘ഇതാണ് നിഹാൽ പറഞ്ഞിട്ടുള്ളത്.
ഏതായാലും നിഹാലിന്റെ വളർച്ച തീർത്തും പ്രചോദനം നൽകുന്ന ഒന്ന് തന്നെയാണ്. ലോൺ കാലാവധി അവസാനിച്ചതിനുശേഷം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്തും.ക്ലബ്ബ് അദ്ദേഹത്തെ നിലനിർത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിലവിൽ പുറത്തെടുക്കുന്ന മിന്നുന്ന ഫോം തുടരുക എന്നുള്ളത് തന്നെയായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം.