കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് തവണകളിലായി കളിച്ചിട്ടുള്ള സൂപ്പർ താരമാണ് ഇയാൻ ഹ്യും.2014ലെ അരങ്ങേറ്റ സീസണിൽ ഇദ്ദേഹം ഉണ്ടായിരുന്നു. അന്ന് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ കഴിഞ്ഞത് ഹ്യുമിന് തന്നെയായിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ അദ്ദേഹം നേടി. പിന്നീട് 2017 /18 സീസണിൽ അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിക്കുകയായിരുന്നു.13 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകൾ നേടുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആരാധക പിന്തുണയുള്ള കാലത്താണ് ഹ്യും ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്. ഓരോ മത്സരത്തിനും അറുപതിനായിരത്തോളം ആരാധകർ എത്തുന്ന സമയമായിരുന്നു അത്. പതിയെ പതിയെ ആരാധകരുടെ എണ്ണം കുറഞ്ഞുവരുന്ന ഒരു കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.അതിന്റെ കാരണങ്ങളിലൊന്ന് സീറ്റിംഗ് കപ്പാസിറ്റി കുറഞ്ഞു എന്നുള്ളതുകൂടിയാണ്.
ഏതായാലും പുതുതായി നൽകിയ അഭിമുഖത്തിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ചും മലയാളികളെ കുറിച്ചുമൊക്കെ സംസാരിച്ചിട്ടുണ്ട്.മലയാളികൾ ഫുട്ബോൾ ഭ്രാന്തന്മാരാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ക്രിക്കറ്റിനെ അവർ സ്നേഹിക്കുന്നുണ്ടെങ്കിലും ഫുട്ബോളിനോടുള്ള അഭിനിവേശം ഏറെ ഉയരത്തിലാണ് എന്നും ഹ്യും പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘കേരളത്തിലും കൊൽക്കത്തയിലും കളിക്കുന്നത് ആവേശമാണ്.അവർ ഫുട്ബോൾ ഭ്രാന്തന്മാരായിരുന്നു. അവർ ക്രിക്കറ്റിനെ സ്നേഹിക്കുന്നു എന്നത് ഞാൻ വിസ്മരിക്കുന്നില്ല, പക്ഷെ, അവർ ഫുട്ബോൾ ഭ്രാന്തന്മാരാണ്. കേരളത്തിലെ ജനത ഇതിൽ മുൻപന്തിയിലാണ്.അവരുടെ ക്ലബിനോട് ഭ്രാന്തമായ സ്നേഹം കാണിക്കും, അവരിപ്പോഴും അങ്ങനെത്തന്നെയാണ് ‘ ഇതാണ് ഹ്യും പറഞ്ഞിട്ടുള്ളത്.
ഇപ്പോഴും ക്ലബ്ബിനോടുള്ള ഇഷ്ടത്തിന് ആരാധകർക്ക് കുറവൊന്നുമില്ല. 10 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കിരീടം പോലും നേടാൻ കഴിയാത്ത ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. ബാക്കി എല്ലാ ക്ലബ്ബുകളും ഏതെങ്കിലും ഒരു മേജർ കിരീടം നേടിയിട്ടുണ്ട്. പക്ഷേ ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും ആരാധകർ അവരെ കൈവിടാൻ തയ്യാറായിട്ടില്ല.