കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ആരാധകർ ഒരു ക്യാമ്പയിൻ തന്നെ ആരംഭിച്ചിരുന്നു. യുണൈറ്റഡ് ഫോർ ബെറ്റർ ബ്ലാസ്റ്റേഴ്സ് എന്നായിരുന്നു ഈ ക്യാമ്പയിനിലൂടെ ആരാധകർ ആവശ്യപ്പെടുന്നത്. ഭൂരിഭാഗം വരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരും സോഷ്യൽ മീഡിയയിൽ ഇതിന്റെ ഭാഗമാകുന്നുണ്ട്.
ഈ പ്രതിഷേധത്തിന്റെ രണ്ടാം ദിവസമാണ് ഇന്നലെ അരങ്ങേറിയത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കൂടുതൽ ആഞ്ഞടിക്കുന്ന ആരാധകരെയാണ് നമുക്ക് കാണാൻ കഴിയുന്നത്. അത്തരത്തിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആരാധകർ ആവശ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. അത് മൊത്തത്തിൽ നമുക്കൊന്ന് പരിശോധിക്കാം.
” കേരള ബ്ലാസ്റ്റേഴ്സ് ഞങ്ങളുടെ അഭിമാനമാണ്. അല്ലാതെ നിങ്ങളുടെ ലാഭമല്ല. ആരാധകരാണ് ഈ ക്ലബ്ബിനെ ഈ നിലയിൽ എത്തിച്ചത്. നമ്മൾ ഇഷ്ടപ്പെടുന്ന ക്ലബ്ബ് ഇപ്പോൾ ഒരു ആക്രമണം നേരിടുകയാണ്. ലാഭത്തിന് മുൻഗണന നൽകുന്ന മാനേജ്മെന്റ് തന്നെയാണ് ഈ ആക്രമണം നടത്തുന്നത്. മാറ്റം ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിൽക്കാം. ക്ലബ്ബിന്റെ ഉടമസ്ഥരിൽ നിന്നും വ്യക്തതയാണ് ഞങ്ങൾക്ക് ആവശ്യം. പ്രധാനപ്പെട്ട സൈനിങ്ങുകൾ വേണം, എല്ലാ കാര്യത്തിലും ഒരു വ്യക്തത വേണം, ഉടമസ്ഥർക്ക് ക്ലബ്ബിനോട് യാതൊരുവിധ പാഷനും ഇല്ല, അതിൽ മാറ്റം ഉണ്ടാവണം എന്നൊക്കെയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ആരാധകരുടെ പാഷൻ നിങ്ങൾക്ക് നശിപ്പിക്കാൻ കഴിയില്ല. നിങ്ങളുടെ കഴിവുകേട് തുറന്ന് കാട്ടേണ്ട സമയമാണ് ഇത്. എത്രയും പെട്ടെന്ന് മാറ്റം അനിവാര്യമാണ് ” ഇതാണ് ഈ ക്യാമ്പയിന്റെ ഭാഗമായി കൊണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകർ ആവശ്യപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.സ്റ്റാറേയെ പുറത്താക്കിയത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖം രക്ഷിക്കാൻ വേണ്ടിയാണ് എന്ന ആരോപണങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. ഏതായാലും നിലവിൽ ഒരു പ്രതിസന്ധിഘട്ടമാണ് ബ്ലാസ്റ്റേഴ്സ് അഭിമുഖീകരിക്കുന്നത്. പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരണമെങ്കിൽ ഒരുപാട് മാറ്റങ്ങൾ ക്ലബ്ബിനകത്ത് അനിവാര്യമാണ്.