ഇതല്ല ഞങ്ങൾക്ക് വേണ്ടത്:ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട!
കേരള ബ്ലാസ്റ്റേഴ്സിന്റെ 2024/25 സീസൺ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.ഡ്യൂറന്റ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്.ഇനി ക്വാർട്ടർ ഫൈനൽ മത്സരമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. പക്ഷേ ടീമിന്റെ സ്‌ക്വാഡ് ഇപ്പോഴും പൂർത്തിയായിട്ടില്ല.പല സൈനിങ്ങുകളും ബാക്കിനിൽക്കുകയാണ്.
ഒരുപാട് വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ക്ലബ്ബ് വിട്ടിരുന്നു. അവർക്കൊക്കെ പകരക്കാരെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് ദിമിയുടെ പകരം ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ ഇതുവരെ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. കൂടാതെ ട്രെയിനിങ് ഗ്രൗണ്ടിന്റെ കാര്യത്തിലും അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. അങ്ങനെ ആരാധകർക്ക് അതൃപ്തി ഉണ്ടാക്കുന്ന ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത് വന്നിട്ടുണ്ട്.
ഒരു സ്റ്റേറ്റ്മെന്റ് ഇറക്കുകയാണ് അവർ ചെയ്തിട്ടുള്ളത്.ഒരു മിഡ് ടേബിൾ ഫിനിഷല്ല തങ്ങൾക്ക് വേണ്ടത് എന്ന് മഞ്ഞപ്പട തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. മറിച്ച് ഒരു കോമ്പറ്റിറ്റീവ് ടീമിനെ വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.മഞ്ഞപ്പടയുടെ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ് വരുന്നത്.
‘ഈ സമ്മർ ട്രാൻസ്ഫർ വിന്റോ ക്ലോസ് ചെയ്യാനായിരിക്കുന്നു.കുറച്ച് ആഴ്ച്ചകൾ കൂടി കഴിഞ്ഞാൽ ഐഎസ്എൽ സീസൺ ആരംഭിക്കും. നമ്മൾ ഇപ്പോഴും പ്രധാനപ്പെട്ട സൈനിങ്ങുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ ട്രെയിനിങ് ഫെസിലിറ്റി ഒരുക്കാനും കഴിഞ്ഞിട്ടില്ല. ഇങ്ങനെ കാത്തിരുന്ന് കാണുക എന്നത് ഒരു പരിഹാരമല്ല.ഞങ്ങൾ ആവശ്യപ്പെടുന്നത് ഒരു കോമ്പറ്റിറ്റീവ് ടീമാണ്. അല്ലാതെ പോയിന്റ് ടേബിളിന്റെ മധ്യത്തിൽ ഫിനിഷ് ചെയ്യുന്ന ഒരു സാധാരണ ടീമല്ല ‘ ഇതാണ് മഞ്ഞപ്പടയുടെ പ്രസ്താവന.
മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ നിഖിലിനേയും സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസിനെയും അവർ മെൻഷൻ ചെയ്തിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ ഈ മെല്ലപോക്കിനെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയർത്താൻ മടിച്ചിരുന്നവരാണ് മഞ്ഞപ്പട.എന്നാൽ ഇപ്പോൾ അവർ നേരിട്ട് രംഗത്ത് വന്നിട്ടുണ്ട്.ഇതെങ്കിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.