മത്സരശേഷം നാടകീയ രംഗങ്ങൾ,മൈക്രോ ഫോണിലൂടെ ബാഡ്ജിന് വേണ്ടി കളിക്കൂവെന്ന് മഞ്ഞപ്പട,മാപ്പ് പറഞ്ഞ് താരങ്ങൾ.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്.പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് എഫ്സി പരാജയപ്പെടുത്തിയത്.സ്വന്തം മൈതാനത്ത് വച്ചുകൊണ്ടാണ് ഈ വലിയ തോൽവി ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നത് എന്നത് വലിയ ആഘാതമേൽപ്പിക്കുന്നു.
മിലോസ് ഡ്രിൻസിച്ചിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ വിൽമർ ജോർദാൻ ആദ്യപകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിക്കൊണ്ട് ലുക്ക മെയ്സൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പതനം ഉറപ്പാക്കുകയായിരുന്നു.തുടർച്ചയായ നാലാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്. വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
മത്സരശേഷം നാടകീയ രംഗങ്ങൾ തന്നെ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു എന്ന് പറയേണ്ടിവരും. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുഴുവൻ സമയവും ആർപ്പുവിളിച്ച മഞ്ഞപ്പട കടുത്ത നിരാശയിലായിരുന്നു.ആ നിരാശ അവർ പ്രകടിപ്പിക്കുകയും ചെയ്തു. മഞ്ഞപ്പടയുടെ ചാന്റ് ലീഡർ മത്സരശേഷം തങ്ങളുടെ മുന്നിലെത്തിയ താരങ്ങൾക്ക് മൈക്രോഫോണിലൂടെ ഉപദേശങ്ങൾ നൽകുകയായിരുന്നു. ബാഡ്ജിനു വേണ്ടി കളിക്കൂ മഞ്ഞപ്പട സ്വന്തം താരങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ആത്മാർത്ഥതയോടു കൂടി കളിക്കാനാണ് മഞ്ഞപ്പട ബ്ലാസ്റ്റേഴ്സ് താരങ്ങളോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. കാരണം ഇന്നത്തെ പ്രകടനം വളരെ ദയനീയമായിരുന്നു. മുന്നിൽ എത്തിയ താരങ്ങൾ മഞ്ഞപ്പടയോട് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ആംഗ്യങ്ങളിൽ നിന്നും അത് വളരെ വ്യക്തമാണ്.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഒരു മികച്ച അൾട്രാസ് കൾച്ചർ മഞ്ഞപ്പട കാണിച്ചു എന്നാണ് ചിലർ ഇതേക്കുറിച്ച് അഭിപ്രായപ്പെടുന്നത്. മഞ്ഞപ്പടയുടെ ആവശ്യം മോട്ടിവേഷനായിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിഗണിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹോം മൈതാനത്ത് ഇത്രയും വലിയ ഒരു തോൽവി വഴങ്ങിയത് വലിയ തിരിച്ചടി തന്നെയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പരിക്കിന്റെ പ്രതിസന്ധികൾ ഉണ്ടെങ്കിലും കഴിഞ്ഞ നാലു മത്സരങ്ങളിലെ തോൽവിക്ക് അതൊന്നും ന്യായീകരണമല്ല. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണുകളെ പോലെ രണ്ടാം ഘട്ടത്തിൽ ദയനീയ പ്രകടനം പുറത്തെടുക്കുന്നത് തുടരുകയാണ്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഏൽക്കേണ്ടി വരുന്നത്.