ബ്ലാസ്റ്റേഴ്സ് ആരാധകരെക്കാൾ വലിയ മോട്ടിവേഷൻ മറ്റൊന്നുമില്ല: ബ്ലാസ്റ്റേഴ്സ് താരം വ്യക്തമാക്കുന്നു!
പതിവുപോലെ ഈ സീസണിലും ബ്ലാസ്റ്റേഴ്സ് ഫാൻസ് വലിയ പിന്തുണയാണ് തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് നൽകിക്കൊണ്ടിരിക്കുന്നത്. രണ്ട് ഹോം മത്സരങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചിട്ടുള്ളത്.അതിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ടാമത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞു. രണ്ട് മത്സരങ്ങളിലും മോശമല്ലാത്ത ഒരു ആരാധകക്കൂട്ടം ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കാൻ എത്തിയിട്ടുണ്ട്.അടുത്ത മത്സരത്തിലാണ് റെക്കോർഡ് ആരാധകരെ പ്രതീക്ഷിക്കുന്നത്.
കാരണം കേരള ബ്ലാസ്റ്റേഴ്സ് അടുത്ത ഹോം മത്സരം കളിക്കുന്നത് ചിരവൈരികളായ ബംഗളൂരു എഫ്സിക്കെതിരെയാണ്. ഒക്ടോബർ 25 തീയതിയാണ് ആ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കരുത്തിൽ തന്നെയാണ് പല മത്സരങ്ങളും കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയിക്കാറുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി എന്നുള്ളതും ഹോം മൈതാനവും അവിടുത്തെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുമാണ്.
കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിനെ പ്രശംസിച്ചുകൊണ്ട് ഇന്ത്യൻ മധ്യനിരതാരമായ ഡാനിഷ് ഫാറൂഖ് രംഗത്ത് വന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ആരാധകരെക്കാൾ വലിയ മോട്ടിവേഷൻ മറ്റൊന്നുമില്ല എന്നാണ് ഡാനിഷ് പറഞ്ഞിട്ടുള്ളത്.നേരത്തെ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡാനിഷിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് പറയുകയാണെങ്കിൽ, അവർ വളരെയധികം പാഷനേറ്റ് ആണ്.അവർ ഉണ്ടെങ്കിൽ നമുക്ക് മറ്റു മോട്ടിവേഷനുകളുടെ ഒന്നും ആവശ്യം വരില്ല. അവർ നമുക്ക് വേണ്ടി ആർക്ക് വിളിക്കുന്നത് തന്നെയാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദനം ‘ ഇതാണ് ഡാനിഷ് പറഞ്ഞിട്ടുള്ളത്.
അത്ര മികച്ച ഒരു തുടക്കമൊന്നും ഇത്തവണ അവകാശപ്പെടാൻ ക്ലബ്ബിന് കഴിയുന്നില്ല. കളിച്ച നാല് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.അവസാനത്തെ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഇനി അടുത്ത മത്സരത്തിലെ എതിരാളികൾ മുഹമ്മദൻ എസ്സിയാണ്. വരുന്ന ഞായറാഴ്ച എതിരാളികളുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.