ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ദേശീയ ടീമിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്ത്യ ഓസീസിനെ തളച്ചുവെങ്കിലും രണ്ടാം പകുതിയിൽ കാലിടറുകയായിരുന്നു.എന്നിരുന്നാലും അഭിമാനകരമായ പോരാട്ടമാണ് ഇന്ത്യ കാഴ്ചവച്ചത്.
ഖത്തറിലാണ് ഇത്തവണത്തെ ഏഷ്യൻ കപ്പ് നടക്കുന്നത്. ഇന്നലത്തെ മത്സരം വീക്ഷിക്കാൻ വേണ്ടി നിരവധി ഇന്ത്യൻ ആരാധകർ എത്തിയിരുന്നു.വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഇന്ത്യൻ ആരാധകർ എത്തിയിരുന്നത്. മത്സരത്തിന്റെ മുഴുവൻ സമയവും തങ്ങളുടെ താരങ്ങൾക്ക് അവർ പിന്തുണ നൽകുകയും ചെയ്തു. ഗാലറി ഓസ്ട്രേലിയക്കെതിരായിരുന്നു എന്ന് തന്നെ വേണം പറയാൻ.
ഈ ആരാധകരെ കുറിച്ച് ഓസ്ട്രേലിയയിലേക്ക് വേണ്ടി ഗോൾ നേടിയ ഇർവിൻ തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരാധകർ അസാധാരണമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാന രണ്ട് മത്സരങ്ങളിലായി എതിർ ആരാധകരുടെ സാന്നിധ്യം ഒരുപാടുള്ളത് പരിചിതമായി വരുന്നുവെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. മത്സരശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇർവിൻ.
സ്റ്റേഡിയത്തിലെ ക്രൗഡ് അസാധാരണമായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു മൂന്നു മത്സരങ്ങളിലായി ഞങ്ങൾക്ക് ഇത് പരിചിതമാണ്. കാരണം ആരാധകരുടെ പിന്തുണ ഞങ്ങളെക്കാൾ എതിരാളികൾക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ ചിരപരിചിതമായി,മർവിൻ പറഞ്ഞു.
ഇന്നലെ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ഇന്ത്യൻ ആരാധകർ നിരവധിയാണ്.ആർപ്പ് വിളികളും വാദ്യമേളങ്ങളും സജീവമായിരുന്നു.അതിന്റെ ക്രെഡിറ്റ് നൽകേണ്ടത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടായ്മയായ മഞ്ഞപ്പടക്കാണ് എന്നാണ് ആരാധകർ പറയുന്നത്.മഞ്ഞപ്പടയുടെ ഖത്തർ വിങ് വളരെയധികം സജീവമായിരുന്നു. അവരുടെ സാന്നിധ്യം തന്നെയാണ് അവിടെ നിറഞ്ഞ് നിന്നിരുന്നത്. ഈ പ്രശംസയുടെ ക്രെഡിറ്റ് എല്ലാം ഖത്തർ വിങ്ങിന് തന്നെയാണ് നൽകേണ്ടത്.