കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിൽ നടന്ന മത്സരം ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഒരുകാലത്തും മറക്കാൻ സാധ്യതയില്ല. കൊച്ചിയിൽ വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് അത്ഭുതകരമായ ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദ്യപകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങി കൊണ്ട് ബ്ലാസ്റ്റേഴ്സ് തോൽവിയുടെ അരികിൽ എത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 4 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് അത്ഭുതം പ്രവർത്തിക്കുകയായിരുന്നു.
ദിമി അന്ന് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് ഗോളുകൾ നേടിയിരുന്നു.സക്കായ്,ചെർനിച്ച് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. അങ്ങനെ ഞെട്ടിപ്പിക്കുന്ന ഒരു തോൽവിയായിരുന്നു കൊച്ചിയിൽ ഗോവക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.അത് അവരുടെ പരിശീലകനായ മനോളോ മാർക്കെസ് ഓർത്തെടുത്തിട്ടുണ്ട്.അതൊരു മോശം ഓർമ്മയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരാധകരുടെ സഹായത്താലാണ് കേരള ബ്ലാസ്റ്റേഴ്സ് അന്ന് തിരിച്ചു വന്നതെന്നും ഈ പരിശീലകൻ സമ്മതിച്ചിട്ടുണ്ട്.മനോളോ പറഞ്ഞത് നോക്കാം.
‘ കഴിഞ്ഞ സീസണിൽ കൊച്ചിയിൽ വച്ചുകൊണ്ട് നടന്ന മത്സരത്തിന്റെ ആദ്യപകുതി ഞങ്ങൾക്ക് നല്ലതായിരുന്നു. പക്ഷേ രണ്ടാം പകുതി കഴിഞ്ഞ സീസണിലെ ഏറ്റവും മോശം ഓർമ്മയായിരുന്നു.യഥാർത്ഥത്തിൽ അന്ന് കേരള ബ്ലാസ്റ്റേഴ്സിനെ സഹായിച്ചത് അവരുടെ വലിയ ആരാധക കൂട്ടം തന്നെയാണ് ‘ഇതാണ് ഗോവയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇത്തവണ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.ഇവാന് പകരം സ്റ്റാറേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. അന്ന് ഗോൾ നേടിയ മൂന്നു താരങ്ങളും ഇന്ന് ടീമിനോടൊപ്പം ഇല്ല.പക്ഷേ പകരം മികച്ച താരങ്ങളെ അവകാശപ്പെടാൻ ബ്ലാസ്റ്റേഴ്സിന് കഴിയുന്നുണ്ട്.ഇത്തവണയും കൊച്ചിയിൽ വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ഗോവയെ തോൽപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.