ഞാനാണ് ഇതിന് ഉത്തരവാദി: മത്സരം കൈവിടാനുള്ള കാരണം വ്യക്തമായി വിശദീകരിച്ച് മാർക്കെസ്.
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു ആവേശ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.രണ്ടിനെതിരെ നാല് ഗോളുകൾക്ക് എഫ്സി ഗോവയെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ പരാജയപ്പെടും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.എന്നാൽ അസാധാരണമായ ഒരു തിരിച്ചു വരവ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ നാലു ഗോളുകൾ നേടി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കരുത്ത് തെളിയിച്ചത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ ദിമിയാണ് ഈ വിജയത്തിന് കാരണമായത്. എന്നാൽ മത്സരം എവിടെയാണ് കൈവിട്ടതെന്ന് ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ് കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. താൻ നടത്തിയ സബ്സ്റ്റിറ്റ്യൂഷൻ തെറ്റായിപ്പോയെന്നും ഒരു ലീഡറുടെ അഭാവം കളിക്കളത്തിൽ ഉണ്ടായിരുന്നു എന്നുമാണ് മാർക്കസ് പറഞ്ഞിട്ടുള്ളത്.
മത്സരത്തിന്റെ 59ആം മിനുട്ടിലാണ് ബോർജ ഹെരേര പരിക്കുകാരണം കളം വിട്ടത്. അതുമുതലാണ് ഞങ്ങൾക്ക് മത്സരത്തിന്റെ നിയന്ത്രണം നഷ്ടമായത്.മാത്രമല്ല ഞാൻ നടത്തിയ ഒരു സബ്സ്റ്റിറ്റ്യൂഷൻ തെറ്റായിരുന്നു.നിം ഡോർജീയെ ഞാൻ 74ആം മിനിറ്റിൽ പിൻവലിച്ചു.അദ്ദേഹം യെല്ലോ കാർഡ് കണ്ടതു കൊണ്ടായിരുന്നു പിൻവലിച്ചിരുന്നത്. പക്ഷേ അത് തെറ്റായിപ്പോയി. കാരണം അതിനുശേഷം പ്രതിരോധത്തിൽ ഞങ്ങൾ ഒരു ദുരന്തമായി മാറുകയായിരുന്നു.മാത്രമല്ല മധ്യനിരയിൽ ഞങ്ങൾക്ക് മത്സരത്തിന്റെ നിയന്ത്രണം നഷ്ടമായി.ഹെരേര ഉള്ളപ്പോൾ ഞങ്ങൾക്ക് മത്സരത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്നു.
ഇന്ന് മത്സരത്തിന്റെ ആദ്യ അരമണിക്കൂറുകൾ ഞങ്ങൾ മികച്ച രീതിയിലാണ് കളിച്ചത്. പക്ഷേ എതിരാളികൾ ഒരു ഗോൾ അവസരം സൃഷ്ടിച്ചു കഴിഞ്ഞാൽ പിന്നീട് ഞങ്ങൾ ദുർബലരാകുന്നു.കഴിഞ്ഞ മത്സരങ്ങളിൽ ഒക്കെ തന്നെയും അങ്ങനെ തന്നെയാണ് സംഭവിച്ചത്.ഒരു ഗോൾ എതിരാളികൾ നേടിയാൽ ഞങ്ങൾ ദുർബലരാകുന്നു. അതിനോട് റിയാക്ട് ചെയ്യാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല.മാത്രമല്ല കളിക്കളത്തിൽ ഒരു ലീഡറുടെ അഭാവം ഇന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നു.പക്ഷേ ഞാനാണ് ഇവിടുത്തെ പരിശീലകൻ,ഞാനാണ് ഇതിനെല്ലാം ഉത്തരവാദി. തുടർച്ചയായി മൂന്നു പരാജയങ്ങൾ ഞങ്ങൾക്ക് ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷേ ഇത് ഫുട്ബോളാണ്. ഞങ്ങൾ മുന്നോട്ടുപോയേ മതിയാകൂ.ഞങ്ങൾക്ക് ഈ സാഹചര്യത്തെ മാറ്റിമറിയിക്കണം,ഇതൊക്കെയാണ് ഗോവ കോച്ച് പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ഗോവ പരാജയപ്പെട്ടു കഴിഞ്ഞു.അത് അവരെ സംബന്ധിച്ചിടത്തോളം വളരെ തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ വിജയ വഴിയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിനും പരിശീലകനും ആശ്വാസം നൽകുന്നുണ്ട്. അടുത്ത മത്സരത്തിൽ ബംഗളൂരുവിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.