അവസാനം മൂന്ന് ഗോളുകൾ നേടിയത് മുംബൈ താരങ്ങൾ ആഘോഷിച്ചു,ദേഷ്യം പ്രകടിപ്പിച്ച് ഗോവ പരിശീലകൻ മാർക്കെസ്!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന രണ്ടാം സെമി ഫൈനലിലെ ആദ്യപാദ പോരാട്ടത്തിൽ വിജയം നേടിയത് മുംബൈ സിറ്റി എഫ്സിയാണ്. ഒരു ആവേശകരമായ ത്രില്ലർ മത്സരമാണ് നടന്നത്. മത്സരത്തിന്റെ അവസാനം വരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു എഫ്സി ഗോവ. എന്നാൽ മത്സരത്തിന്റെ അവസാനത്തിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് മുംബൈ സിറ്റി അവിശ്വസനീയമായ രീതിയിൽ തിരിച്ചു വരികയായിരുന്നു.
ഗോവയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ബോറിസ് സിങ്ങിലൂടെ പതിനാറാം മിനിറ്റിൽ ഗോവ മുന്നിലെത്തുകയായിരുന്നു. പിന്നീട് 56ആം മിനുട്ടിൽ ബ്രാണ്ടൻ ഫെർണാണ്ടസ് ഗോൾ നേടുകയായിരുന്നു. ഇതോടെ രണ്ട് ഗോളിന്റെ ലീഡ് ഗോവക്ക് ലഭിച്ചു. അങ്ങനെ വിജയം ഉറപ്പിച്ച് നിൽക്കെയാണ് 90ആം മിനുട്ടിൽ ചാങ്‌തെയുടെ ഗോൾ പിറന്നത്.അതൊരു തുടക്കമായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ തന്നെ വിക്രം പ്രതാപ് സിങ് കൂടി ഗോൾ കണ്ടെത്തിയതോടെ മത്സരം 2-2 എന്ന നിലയിലായി.
പക്ഷേ അവിടം കൊണ്ടും അവസാനിച്ചില്ല.96ആം മിനുട്ടിൽ ചാങ്തെ വീണ്ടും ഗോൾ നേടി. ഇതോടെ 3-2 ന്റെ വിജയം മുംബൈ കരസ്ഥമാക്കുകയായിരുന്നു.ഗോവൻ ആരാധകർക്കൊന്നും ഇത് വിശ്വസിക്കാനായില്ല. എന്നാൽ വലിയ വിജയാഹ്ലാദമാണ് മുംബൈ താരങ്ങൾ പ്രകടിപ്പിച്ചത്. ഈ ആഘോഷത്തിനെതിരെ ഗോവൻ പരിശീലകൻ മനോളോ മാർക്കസ് രംഗത്ത് വന്നിട്ടുണ്ട്. രണ്ടാം പാദം ഉണ്ട് എന്ന കാര്യം മറക്കരുത് എന്നാണ് ഗോവ കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ ഇന്ന് ഒരു താരമാണെങ്കിൽ തീർച്ചയായും മുംബൈ സിറ്റി ഞങ്ങളുടെ മുഖത്ത് വെച്ച് ആഘോഷിച്ച കാര്യത്തിൽ ഞാൻ ദേഷ്യപ്പെടും.ഇനിയും 90 മിനിറ്റ് ബാക്കിയുണ്ട് എന്നുള്ള കാര്യം അവർ മറക്കരുത്. നിങ്ങൾക്ക് കറക്റ്റ് ആയിട്ടുള്ള ഒരു ക്യാരക്ടർ ഉണ്ടെങ്കിൽ പറയേണ്ടത് ഇതാണ്, മുംബൈയിലെ മത്സരത്തിന് ശേഷം അവസാനത്തിൽ ആരാണ് ആഘോഷിക്കുക എന്നത് നോക്കാം എന്നാണ്,ഇതാണ് ഗോവ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും മുംബൈയുടെ മൈതാനത്ത് വച്ച് നടക്കുന്ന രണ്ടാം പാദത്തിലാണ് യഥാർത്ഥ മത്സരഫലം നിർണയിക്കപ്പെടുക. സ്വന്തം മൈതാനത്ത് വിജയിച്ചു എന്ന് തോന്നിച്ച കളിയാണ് ഗോവ ഇപ്പോൾ പരാജയപ്പെട്ടുകൊണ്ട് കൈവിട്ടിട്ടുള്ളത്.