ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് തുടക്കം കുറിക്കാൻ ഇനി വളരെ കുറച്ചു നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് കോമ്പറ്റീഷൻ തുടങ്ങുന്നത്. പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം അരങ്ങേറുക. കൊച്ചിയിൽ വെച്ചുകൊണ്ട് നടക്കുന്ന മത്സരത്തിൽ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്.
എല്ലാ ക്ലബ്ബുകളും തങ്ങളുടെ ട്രാൻസ്ഫറുകൾ ഇപ്പോൾ പൂർത്തിയാക്കിയിട്ടുണ്ട്.സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ ഐഎസ്എല്ലിലെ മൂല്യം കൂടിയ താരങ്ങളുടെ ലിസ്റ്റ് ട്രാൻസ്ഫർ മാർക്കറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.10 പേരുടെ ലിസ്റ്റാണ് അവർ പുറത്തുവിട്ടിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം നമുക്കിവിടെ കാണാൻ കഴിയും. 3 ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുള്ളത്.
പുതിയ താരം ജീസസ് ജിമിനസ്, സൂപ്പർ താരങ്ങളായ അഡ്രിയാൻ ലൂണ,നോഹ സദോയി എന്നിവരൊക്കെയാണ് ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയ ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് മോഹൻ ബഗാന്റെ സൂപ്പർ താരമായ ജാമി മക്ലാരനാണ്. 12 കോടി രൂപയാണ് അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ. ഏറ്റവും ഉയർന്ന മൂല്യമുള്ള താരം മക്ലാരൻ മാത്രമാണ്.
രണ്ടാം സ്ഥാനത്ത് മോഹൻ ബഗാന്റെ തന്നെ കമ്മിങ്‌സ് വരുന്നു. നിലവിലെ അദ്ദേഹത്തിന്റെ മൂല്യം എട്ടു കോടി രൂപയാണ്. മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ആയ ജീസസ് ജിമിനസ് വരുന്നത്.7.2 കോടി രൂപയാണ് അദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ. നാലാം സ്ഥാനത്ത് മോഹൻ ബഗാന്റെ തന്നെ പെട്രറ്റൊസ് വരുന്നു. അദ്ദേഹത്തിന്റെ മൂല്യവും 7.2 കോടി രൂപയാണ്. അഞ്ചാം സ്ഥാനത്ത് മുഹമ്മദൻ എസ്സിയുടെ ഫ്രാങ്കയാണ് വരുന്നത്.
ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണ വരുന്നത്.6.4 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാല്യൂ. ഏഴാം സ്ഥാനത്ത് ബോമസ്, എട്ടാം സ്ഥാനത്ത് ടോറൽ, ഒമ്പതാം സ്ഥാനത്ത് മുൻ ബ്ലാസ്റ്റേഴ്സ് താരം ദിമി എന്നിവരാണ് വരുന്നത്. പത്താം സ്ഥാനത്ത് മറ്റൊരു ബ്ലാസ്റ്റേഴ്സ് താരമായ നോഹ സദോയി വരുന്നുണ്ട്.അദ്ദേഹത്തിന്റെ മൂല്യം 5.2 കോടി രൂപയാണ്. ബ്ലാസ്റ്റേഴ്സിന്റെ 3 താരങ്ങൾ ഇതിൽ ഇടം നേടിയിട്ടുണ്ട്.മോഹൻ ബഗാന്റെ മൂന്ന് താരങ്ങളും ഇടം നേടിക്കൊണ്ട് ആധിപത്യം പുലർത്തിയിട്ടുണ്ട്.