കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. രണ്ട് തവണ പുറകിൽ പോയ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചുകൊണ്ട് ഒപ്പമെത്തിയിരുന്നു. എന്നാൽ പിന്നീട് ഗോളുകൾ വഴങ്ങിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് പരാജയം രുചിക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഡിഫൻസിന്റെ പ്രകടനം മത്സരത്തിൽ വളരെ പരിതാപകരമായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.എല്ലാവരും വളരെ മോശം പ്രകടനമാണ് നടത്തിയത്. ഡിഫൻസിന്റെ പിഴവുകളിൽ നിന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങിയിട്ടുള്ളത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയ നാലാമത്തെ ഗോൾ ഒക്കെ വളരെ അലസമായ രീതിയിലായിരുന്നു. മൂന്നാമത്തെ ഗോളും ഡിഫൻസിന്റെ ശ്രദ്ധ ഇല്ലായ്മ കൊണ്ട് സംഭവിച്ചത് തന്നെയാണ്.
അതിനിടെ മാർക്കോ ലെസ്ക്കോവിച്ചിന്റെ ഒരു അത്യുഗ്രൻ സേവ് ഉണ്ടായിരുന്നു. എല്ലാവരും ഗോളായി എന്ന് ഉറപ്പിച്ച നിമിഷമായിരുന്നു അത്. ഗോൾകീപ്പർ പോലും ഇല്ലാത്ത പോസ്റ്റിൽ മാർക്കോ ലെസ്ക്കോവിച്ച് തനിച്ചായിരുന്നു. മോഹൻ ബഗാൻ സൂപ്പർ താരം കമ്മിങ്ങ്സിന്റെ കാലുകളിലായിരുന്നു ബോൾ. അദ്ദേഹം ഒരു ഷോട്ട് ഉതിർത്തു. അത് അസാധാരണമായ വിധത്തിൽ ലെസ്ക്കോവിച്ച് തടയുകയായിരുന്നു. അദ്ദേഹത്തിന്റെ ബ്ലോക്ക് ഏവരെയും അമ്പരപ്പിച്ചു.
അത്രയും ആത്മാർത്ഥതയോടെ കൂടിയാണ് ആ ഗോൾ തടയാൻ വേണ്ടി അദ്ദേഹം പരിശ്രമിച്ചത്. മറ്റാരും തന്നെ സഹായത്തിനുവേണ്ടി അവിടെ എത്തിയില്ല എന്നുള്ളത് കൗതുകകരമാണ്. മറ്റുള്ള പ്രതിരോധനിര താരങ്ങളെല്ലാം അത് ഗോളായി എന്നുറപ്പിച്ച് പിൻവാങ്ങിയിരുന്നു. എന്നാൽ ലെസ്ക്കോ അത് തടയാൻ വേണ്ടി ശ്രമിക്കുകയും അത് ഫലം കാണുകയും ചെയ്തു.ആത്മാർത്ഥതയുടെ നിറക്കൂടമായി മാറുകയാണ് താരം ചെയ്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിനെ മറ്റുള്ള താരങ്ങൾക്കെല്ലാം ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.ലെസ്ക്കോയും ദിമിയും കാണിക്കുന്ന ആത്മാർത്ഥതയുടെ പകുതിയെങ്കിലും കാണിച്ചു കൂടെ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ബാക്കിയുള്ള താരങ്ങളെല്ലാം പലപ്പോഴും അലസമായി കൊണ്ടാണ് കളിച്ചിട്ടുള്ളത്.ദിമിയുടെ ആത്മാർത്ഥതയും പരിശ്രമവും കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾ നേടിയിട്ടുള്ളത്. ഏതായാലും അവസാനത്തെ ആറുമത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഇനി വലുതായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ട്.