2021ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പ്രതിരോധനിരയിലേക്ക് ക്രൊയേഷ്യൻ സൂപ്പർതാരമായ മാർക്കോ ലെസ്ക്കോവിച്ചിനെ കൊണ്ടുവന്നത്.പിന്നീട് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് നിലവിലെ സ്ഥിര സാന്നിധ്യമായി. മികച്ച പ്രകടനമാണ് ആദ്യ രണ്ടു സീസണുകളിലും അദ്ദേഹം പുറത്തെടുത്തത്.എന്നാൽ കഴിഞ്ഞ സീസണിൽ ആ മികവ് ആവർത്തിക്കാൻ കഴിഞ്ഞില്ല.
മാത്രമല്ല പരിക്കുകൾ കാരണം അദ്ദേഹത്തിന് ഒരുപാട് മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ ബ്ലാസ്റ്റേഴ്സ് താല്പര്യപ്പെടുന്നില്ല.ലെസ്ക്കോയും ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ചുരുക്കത്തിൽ അദ്ദേഹം ഇപ്പോൾ ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് വിട്ടു കഴിഞ്ഞു. അക്കാര്യത്തിൽ അധികം വൈകാതെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ ഇതിനു പുറമേ മറ്റൊരു നിർണായകമായ തീരുമാനം കൂടി ഈ ഡിഫൻഡർ കൈക്കൊണ്ടിട്ടുണ്ട്.അതായത് കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല അദ്ദേഹം വിട്ടിട്ടുള്ളത്, ഇന്ത്യൻ സൂപ്പർ ലീഗ് തന്നെ വിട്ടിട്ടുണ്ട്.ഇന്ത്യയിൽ തുടരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല,മറ്റ് ഇന്ത്യൻ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം കളിക്കില്ല. ഇനി ഇന്ത്യക്ക് പുറത്തായിരിക്കും ലെസ്ക്കോയെ കാണാൻ സാധിക്കുക.
എന്നാൽ അദ്ദേഹം ഏതു ക്ലബ്ബിലേക്ക് പോകും എന്നത് വ്യക്തമല്ല. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമാണ് ഇപ്പോൾ ക്ലബ്ബ് വിടുന്നത്. പകരം പുതിയ ഒരു സെന്റർ ബാക്കിന് വേണ്ടിയുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.ടോം ആൽഡ്രെഡിന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കുമോ എന്നുള്ളത് വ്യക്തമല്ല. ഏതായാലും മിലോസ് ഡ്രിൻസിച്ചിന് കൂട്ടായി കൊണ്ട് മികച്ച ഒരു താരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.