കഴിഞ്ഞ കുറച്ച് സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ പ്രധാനപ്പെട്ട താരമാണ് മാർക്കോ ലെസ്ക്കോവിച്ച്.ക്രൊയേഷ്യൻ താരമായ ഇദ്ദേഹം ഈ സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. പക്ഷേ പരിക്കുകൾ കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ലെസ്ക്കോയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.
മാർക്കോ ലെസ്ക്കോവിച്ചിനെ ബ്ലാസ്റ്റേഴ്സ് നിലനിർത്താനുള്ള സാധ്യതകൾ കുറവാണ്.മിലോസ് ഡ്രിൻസിചിനൊപ്പം മറ്റൊരു പ്രതിരോധനിരതാരത്തെ അണിനിരത്താനാണ് ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ലെസ്ക്കോയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ടോം അൽഡ്രെഡ് എന്ന താരത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞു.
ബ്രിസ്ബെയ്ൻ റോർ എന്ന ഓസ്ട്രേലിയൻ ക്ലബ്ബിന്റെ ക്യാപ്റ്റനാണ് ടോം. 2019 മുതൽ കഴിഞ്ഞ അഞ്ചുവർഷമായി ഈ ക്ലബ്ബിന്റെ ഭാഗമാണ് ഇദ്ദേഹം. 33 വയസ്സുള്ള ഈ താരം ക്ലബ്ബിനു വേണ്ടി ആകെ 115 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇപ്പോൾ ക്ലബ്ബുമായി കോൺട്രാക്ട് പുതുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
ഓസ്ട്രേലിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സിന് താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന് ഇവർ തന്നെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ മറ്റൊരു ഓസ്ട്രേലിയൻ ക്ലബ്ബായ സിഡ്‌നി വാണ്ടരെഴ്സും ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി താരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.
ഇംഗ്ലണ്ടിൽ ജനിച്ച താരം സ്കോട്ട്ലാന്റിന്റെ അണ്ടർ 19 ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്.ഇപ്പോൾ അദ്ദേഹം ഓസ്ട്രേലിയൻ പൗരത്വം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. താരത്തെ സ്വന്തമാക്കണമെങ്കിൽ മറ്റുള്ള ക്ലബ്ബുകളുടെ ഓഫറുകളെ ബ്ലാസ്റ്റേഴ്സ് അതിജീവിക്കേണ്ടതുണ്ട്. വളരെ പരിചയസമ്പത്തുള്ള താരമാണ് ടോം.കൊണ്ടുവരാൻ കഴിഞ്ഞാൽ അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.
നേരത്തെ ഓസ്ട്രേലിയൻ ലീഗിൽ നിന്നായിരുന്നു അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. അദ്ദേഹം ക്ലബ്ബിന്റെ പ്രധാനപ്പെട്ട താരമായി വളർന്നു. കഴിഞ്ഞ സമ്മറിൽ ജോഷുവ സോറ്റിരിയോയെ ഓസ്ട്രേലിയയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നുവെങ്കിലും പരിക്ക് കാരണം ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.