ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരാതെ മാർക്കോ ലെസ്ക്കോവിച്ച്, ആശങ്കപ്പെടേണ്ടതുണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ട്രെയിനിങ് ആരംഭിച്ച കഴിഞ്ഞിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. കൊച്ചി കലൂരിലാണ് ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുന്നത്. പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും തന്നെ ടീമിനോടൊപ്പം ചേർന്നു കഴിഞ്ഞു. വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ,ദിമിത്രിയോസ്,ജോഷുവ സോറ്റിരിയോ, ട്രയൽസ് നടത്തുന്ന ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരൊക്കെ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പരിശീലനം നടത്തുന്നുണ്ട്.
ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെ പ്രധാനപ്പെട്ട അഭാവം അത്, ഡിഫൻസിലെ തകർപ്പൻ താരമായ മാർക്കോ ലെസ്ക്കോവിച്ചാണ്.ഈ ക്രൊയേഷ്യൻ താരത്തിന്റെ അഭാവം എന്തുകൊണ്ടാണ് എന്നതിന്റെ കാരണം മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതായത് ലെസ്ക്കോവിച്ചിന്റെ വെക്കേഷൻ കേരള ബ്ലാസ്റ്റേഴ്സ് നീട്ടി നൽകിയിട്ടുണ്ട്. അടുത്ത ആഴ്ചയായിരിക്കും അദ്ദേഹം കൊച്ചിയിൽ എത്തുക. ജൂലൈ 21ആം തീയതി അദ്ദേഹം ടീമിനോടൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിനോട് കുറച്ചുകൂടി അവധി ആവശ്യപ്പെടുകയായിരുന്നു. അത് പ്രകാരമാണ് ഈ ഡിഫൻഡർക്ക് കേരള ബ്ലാസ്റ്റേഴ്സ് അവധി നീട്ടി നൽകിയിട്ടുള്ളത്. താരത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് ഡ്യൂറന്റ് കപ്പ് നടക്കുന്നത്. ചുരുങ്ങിയത് മൂന്നു മത്സരങ്ങളെങ്കിലും അതിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.
അതിനുവേണ്ടിയുള്ള ഒരുക്കങ്ങളാണ് ക്ലബ്ബ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് സൂപ്പർതാരങ്ങൾ അടങ്ങിയ സീനിയർ ടീമിനെ തന്നെ ഈ ടൂർണമെന്റിൽ അണിനിരത്തും എന്നാണ് റിപ്പോർട്ടുകൾ.