എംബപ്പേയെ PSG ആരാധകർക്ക് പോലും വേണ്ടേ? മെസ്സിയും നെയ്മറും ഇല്ലാതിരുന്നിട്ടും ജേഴ്സി വില്പനയിൽ രണ്ടാമൻ.

കിലിയൻ എംബപ്പേയെ കുറച്ച് ഒരുപാട് റൂമറുകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിട്ടുണ്ട്. അതിലൊന്ന് സൂപ്പർ താരം നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ടതാണ്. നെയ്മർ ക്ലബ്ബിൽ തുടരുന്നതിനോട് ഒട്ടും എംബപ്പേക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് നെയ്മർക്ക് അൽ ഹിലാലിലേക്ക് പോകേണ്ടി വന്നത് എന്ന കാര്യം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ലയണൽ മെസ്സിയുടെ കാര്യത്തിലും എംബപ്പേക്ക് അതൃപ്തി ഉണ്ടായതായി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.

പിഎസ്ജി അൾട്രാസിനും ആരാധകർക്കും വളരെയധികം പ്രിയപ്പെട്ടവനായിരുന്നു എംബപ്പേ. പക്ഷേ അതിന് അനുഭവിക്കേണ്ടിവന്നത് മെസ്സിയും നെയ്മറുമായിരുന്നു.എംബപ്പേയെ ഒരിക്കൽ പോലും കുറ്റം പറയാത്ത അൾട്രാസ് നെയ്മറെയും മെസ്സിയെയുമായിരുന്നു വേട്ടയാടിയിരുന്നത്. ആരാധകരുടെ മോശം പെരുമാറ്റം കൊണ്ട് കൂടിയായിരുന്നു ഈ രണ്ടു താരങ്ങളും ക്ലബ്ബ് വിട്ടിരുന്നത്.

എന്നാൽ എംബപ്പേയെ പോലും പിഎസ്ജി ആരാധകർ ഇപ്പോൾ കൈവിടുകയാണോ എന്ന് സംശയങ്ങൾ ഉയരുന്നുണ്ട്. അതിന്റെ തെളിവായി കൊണ്ട് പുറത്തേക്ക് വരുന്നത് പിഎസ്ജി ക്ലബ്ബിന്റെ ജേഴ്‌സി വിൽപ്പനയുടെ കണക്കുകളാണ്. മെസ്സിയും നെയ്മറും പിഎസ്ജി വിട്ടിട്ടും ജേഴ്സി വില്പനയുടെ കണക്കുകളിൽ ഒന്നാമത് എത്താൻ എംബപ്പേക്ക് ക്ലബ്ബിനകത്ത് കഴിഞ്ഞിട്ടില്ല. മറിച്ച് രണ്ടാം സ്ഥാനമാണ് ഇപ്പോൾ അദ്ദേഹത്തിന് ഉള്ളത്.

പിഎസ്ജിയുടെ സൗത്ത് കൊറിയൻ താരമായ കാങ് ലീയാണ് ഒന്നാം സ്ഥാനത്ത് വരുന്നത്.ഈ സീസണിൽ എംബപ്പേയുടെ ജേഴ്‌സിയേക്കാൾ കാങ് ലീയുടെ ജേഴ്‌സിക്കാണ് ഡിമാൻഡ്,അതാണ് ഏറ്റവും കൂടുതൽ വിറ്റ് തീർന്നിരിക്കുന്നത്. ഇത് ഏവരെയും അമ്പരപ്പിച്ച ഒരു കാര്യം തന്നെയാണ്.എംബപ്പേയുടെ സ്വീകാര്യത സ്വന്തം ആരാധകർക്കിടയിൽ പോലും കുറയുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്നു.അതേസമയം സൗത്ത് കൊറിയൻ ആരാധകർ ലീയുടെ ജേഴ്‌സി വലിയ രൂപത്തിൽ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.

എന്നിരുന്നാലും ഗ്ലോബൽ സ്റ്റാറായ എംബപ്പേക്ക് പഴയ ആ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. സമീപകാലത്ത് അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങളെല്ലാം അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്.ഫോമിന്റെ കാര്യത്തിലും ചെറിയ ഒരു ഇടിവ് സംഭവിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മത്സരത്തിൽ തിരിച്ചു വന്നിട്ടുണ്ട്. മാത്രമല്ല അടുത്ത സീസണിൽ അദ്ദേഹം ക്ലബ്ബിൽ തന്നെ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ലാത്ത സ്ഥിതിക്ക് പിഎസ്ജി ആരാധകർക്ക് തന്നെ അദ്ദേഹത്തോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്.

franceKylian MbappePSG
Comments (0)
Add Comment