കഴിഞ്ഞ സീസണിലെ ഫ്രാൻസ് ഫുട്ബോളിന്റെ ബാലൺ ഡി’ഓർ അവാർഡ് ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയത്. പരാജയപ്പെടുത്തിയത് ഹാലന്റിനെയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഫുട്ബോൾ ലോകത്ത് തുടർന്നു പോന്നിരുന്നു. മെസ്സിയെക്കാൾ ഹാലന്റ് അർഹിച്ചിരുന്നു എന്ന അഭിപ്രായക്കാര്‍ ഉണ്ടായിരുന്നു.ലയണൽ മെസ്സിക്ക് നൽകിയതിൽ പലരും നീരസം പ്രകടിപ്പിച്ചിരുന്നു.
ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷംപ്സ് ഇക്കൂട്ടത്തിലുള്ള ഒരാളായിരുന്നു. എന്നാൽ ഫ്രഞ്ച് സൂപ്പർതാരവും ലയണൽ മെസ്സിയുടെ മുൻ സഹതാരവുമായ കിലിയൻ എംബപ്പേക്ക് ഇക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ലയണൽ മെസ്സി അർഹിച്ച ഒരു അവാർഡ് തന്നെയാണ് നേടിയത് എന്നാണ് ഇന്നലെ നടന്ന പ്രസ് കോൺഫറൻസിൽ കിലിയൻ എംബപ്പേ മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്.
മാത്രമല്ല ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ് എന്നതും എംബപ്പേ തുറന്നു പറഞ്ഞിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പ് കിരീടം നഷ്ടമായ സമയത്ത് തന്നെ,ബാലൺഡി’ഓർ അവാർഡും തനിക്ക് നഷ്ടമായെന്ന് താൻ തിരിച്ചറിഞ്ഞിരുന്നു എന്നും എംബപ്പേ പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയുടെ കാര്യത്തിൽ ഫ്രഞ്ച് പരിശീലകനെ തള്ളുകയാണ് എംബപ്പേ ചെയ്തിട്ടുള്ളത്.
ലയണൽ മെസ്സി തന്നെയാണ് ബാലൺഡി’ഓർ അർഹിച്ചത്. കാരണം അദ്ദേഹം വേൾഡ് കപ്പ് കിരീടം നേടി.ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി.എനിക്ക് ലയണൽ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്.ഹാലന്റിനും എനിക്കും കഴിഞ്ഞ സീസൺ മികച്ച സീസൺ ആയിരുന്നു.പക്ഷേ വേൾഡ് കപ്പ് കിരീടത്തിന് തന്നെയാണ് മുൻതൂക്കം. ഡിസംബർ പതിനെട്ടാം തീയതി രാത്രി വേൾഡ് നഷ്ടമായി എന്നതിനോടൊപ്പം ഞാൻ മറ്റൊരു കാര്യം കൂടി തിരിച്ചറിഞ്ഞു,ബാലൺഡി’ഓർ അവാർഡും നഷ്ടമായി എന്നത്.കാരണം മെസ്സി അത് അർഹിച്ചിരുന്നു,എംബപ്പേ പറഞ്ഞു.
ലയണൽ മെസ്സി 8 തവണ അവാർഡ് ആകെ നേടി കഴിഞ്ഞു.എംബപ്പേയോ ഹാലന്റോ ഇതുവരെ ഈ പുരസ്കാരം നേടിയിട്ടില്ല.പക്ഷേ മെസ്സിയും റൊണാൾഡോയും ഇപ്പോൾ യൂറോപ്പിൽ ഇല്ല. അതുകൊണ്ടുതന്നെ ഇനിമുതൽ യുവ താരങ്ങൾക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.എംബപ്പേ അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും.