കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയിരുന്നു. 8 മത്സരങ്ങൾ കളിച്ചിട്ട് രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ക്ലബ്ബിന്റെ നിരാശാജനകമായ പ്രകടനത്തിൽ ആരാധകർക്ക് മടുത്തു തുടങ്ങിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിനെതിരെ മഞ്ഞപ്പട ഒരു സ്റ്റേറ്റ്മെന്റ് നേരത്തെ ഇറക്കിയിരുന്നു. അതിൽ പരിക്കുകളെ കുറിച്ച് അവർ ചോദിക്കുന്നുണ്ട്.മെഡിക്കൽ ടീം എന്താണ് ചെയ്യുന്നത് എന്നാണ് ചോദ്യം. ഒരുപാട് പരിക്കുകൾ വരുന്നതും പരിക്കിൽ നിന്നും മുക്തരാവാൻ ഒരുപാട് സമയം എടുക്കുന്നതുമാണ് ഇവർ ചോദ്യം ചെയ്തിട്ടുള്ളത്.മഞ്ഞപ്പടയുടെ വാക്കുകൾ നോക്കാം.
‘ പരിക്കുകൾ ഓരോ സീസണുകളെയും താളം തെറ്റിക്കുന്നു. മെഡിക്കൽ ടീമിനെതിരെ വിരൽ ചൂണ്ടേണ്ട സമയമാണ് ഇത്. താരങ്ങൾ പൂർണ്ണ ഫിറ്റ്നസിലായിരിക്കേണ്ട ഉത്തരവാദിത്വം മെഡിക്കൽ ടീമിനാണ്.നമ്മുടെ ടീമിനെ നിങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്.പരിക്കിൽ നിന്നും മുക്തരാവാൻ താരങ്ങൾക്ക് ഇത്രയധികം സമയം എടുക്കുന്നത് എന്തുകൊണ്ടാണ്?പല പരിക്കുകളും ദീർഘകാല പരിക്കുകളാണ്. അവർ കളത്തിലേക്ക് മടങ്ങിയെത്തിയാൽ തന്നെ ഒന്നോ രണ്ടോ മത്സരങ്ങൾ കൊണ്ട് വീണ്ടും പരിക്കേൽക്കുന്നു.ഒരുപാട് സീസണുകളായി ഇത് കാണുന്നു. പരിക്കിൽ നിന്നും പൂർണമായും മുക്തരാകാതെ എന്തിനാണ് ഇത്ര ധൃതി പിടിക്കുന്നത് ?’ ഇതാണ് മഞ്ഞപ്പട മെഡിക്കൽ ടീമിനോട് ചോദിച്ചിട്ടുള്ളത്.
പരിക്ക് കാരണം ഒരുപാട് താരങ്ങൾ ഇപ്പോൾ കളിക്കളത്തിന് പുറത്താണ്.ഇഷാൻ,പ്രബീർ തുടങ്ങിയവർ ഒരുപാട് കാലമായി പുറത്താണ്.നോവ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. മെഡിക്കൽ ടീം കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെയാണ് മഞ്ഞപ്പട പറഞ്ഞുവെക്കുന്നത്.