അർജന്റീന ടീമിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരുന്നു,അത് പിൻവലിക്കാനുള്ള കാരണം പറഞ്ഞ് ലിയോ മെസ്സി.
ആസ്ട്രേലിയക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ വിജയിച്ചപ്പോഴും അർജന്റീനക്ക് വേണ്ടി പതിവുപോലെ മികച്ച രീതിയിൽ കളിക്കാൻ അവരുടെ ക്യാപ്റ്റനായ ലിയോ മെസ്സിക്ക് കഴിഞ്ഞിരുന്നു. മത്സരം തുടങ്ങിയ ഉടനെ മെസ്സി ഒരു ഗോൾ നേടി കളിയെ അർജന്റീനക്ക് അനുകൂലമാക്കുകയായിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളാണ് മെസ്സി ആസ്ട്രേലിയക്കെതിരെ നേടിയിട്ടുള്ളത്. ഒരു മിനിട്ടും 19 സെക്കൻഡും മാത്രമാണ് ഈ ഗോൾ മെസ്സിക്ക് വേണ്ടി വന്നത്.
ഈ മത്സരത്തോട് അനുബന്ധിച്ച് ലിയോ മെസ്സി ഭാവി പരിപാടികളെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അർജന്റീന നാഷണൽ ടീമിൽ നിന്നും വിരമിക്കാൻ താൻ തീരുമാനിച്ചിരുന്നു എന്ന് മെസ്സി പറഞ്ഞിട്ടുണ്ട്. പക്ഷേ വേൾഡ് കപ്പ് നേടിയത് ഈ തീരുമാനം പിൻവലിക്കാൻ കാരണമായെന്നും മെസ്സി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം താൻ എൻജോയ് ചെയ്യുകയാണെന്നും മെസ്സി വെളിപ്പെടുത്തി.
എന്റെ ജീവിതത്തിൽ മുമ്പ് എങ്ങും ആസ്വദിച്ചിട്ടില്ലാത്തതുപോലെയാണ് ഞാൻ കഴിഞ്ഞ ലോകകപ്പ് ആസ്വദിച്ചത്. സത്യം പറഞ്ഞാൽ ഞങ്ങൾ വേൾഡ് ചാമ്പ്യന്മാർ ആയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ അർജന്റീന ടീമിൽ ഉണ്ടാവുമായിരുന്നില്ല. കാരണം ഞാൻ വിരമിക്കാൻ തീരുമാനിച്ചിരുന്നു.വേൾഡ് കപ്പ് നേടിയതുകൊണ്ടാണ് ഞാൻ ഇപ്പോഴും കളിക്കുന്നത്.കാരണം ഇപ്പോൾ എനിക്ക് ടീം വിട്ടു പോകാൻ കഴിയില്ല. എനിക്ക് ഇതൊക്കെ എൻജോയ് ചെയ്യണം.എന്തൊക്കെ സംഭവിച്ചാലും നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കുക. ഒരു കായികതാരം എന്നതിനേക്കാൾ ഉപരി എല്ലാവരും എന്നെ ഒരു മികച്ച വ്യക്തിയായി ഓർമ്മിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്: മെസ്സി പറഞ്ഞു.
ഇൻഡോനേഷ്യക്കെതിരെയാണ് അർജന്റീന അടുത്ത മത്സരത്തിൽ ഇറങ്ങുകയെങ്കിലും മെസ്സിയെ ഈ മത്സരത്തിൽ കാണാൻ നമുക്ക് കഴിയില്ല. കാരണം മെസ്സി ഹോളിഡേ ആഘോഷത്തിന് വേണ്ടി ടീം ക്യാമ്പിനോട് വിട പറഞ്ഞു കഴിഞ്ഞു.ഹോളിഡേക്ക് ശേഷമാണ് മെസ്സി ഇന്റർമിയാമി എന്ന അമേരിക്കൻ ക്ലബ്ബിനോടൊപ്പം ചേരുക.