അവസരങ്ങൾ ഗോളാക്കി മാറ്റാനായില്ല,എന്നിട്ടും മെസ്സി കളിക്കളം വിട്ടത് രണ്ട് റെക്കോർഡുകൾ പോക്കറ്റിലാക്കിക്കൊണ്ട്!
ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന ഇന്ന് ആദ്യ മത്സരത്തിനു വേണ്ടി കോപ്പ അമേരിക്കയിൽ ഇറങ്ങിയിരുന്നു.എതിരാളികൾ കാനഡയായിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന തുടക്കം കുറിച്ചിട്ടുണ്ട്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. ഈ ഗോളുകൾക്ക് വഴി ഒരുക്കിയത് മാക്ക് ആല്ലിസ്റ്ററും ലയണൽ മെസ്സിയുമാണ്.
രണ്ട് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ട്. പക്ഷേ മെസ്സിക്ക് പിഴച്ച ഒരു മത്സരം കൂടിയായിരുന്നു ഇത്. രണ്ട് സുവർണ്ണാവസരങ്ങൾ മെസ്സിക്ക് ലഭിച്ചിരുന്നു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെയുള്ള അവസരങ്ങൾ മെസ്സി നഷ്ടപ്പെടുത്തുകയായിരുന്നു.ഇത് അപൂർവമായ ഒരു കാഴ്ചയാണ്.കാരണം മെസ്സി അങ്ങനെയൊന്നും അവസരങ്ങൾ നഷ്ടപ്പെടുത്താത്ത ഒരു താരമാണ്.
അവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിൽ പോലും മെസ്സി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. മൈതാനം മുഴുക്കെയും മെസ്സിയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്ര നല്ല ദിവസമല്ലാഞ്ഞിട്ടുപോലും രണ്ട് റെക്കോർഡുകൾ പോക്കറ്റിലാക്കി കൊണ്ടാണ് മെസ്സി കളിക്കളം വിട്ടത്. ആ രണ്ട് റെക്കോർഡുകൾ നമുക്കൊന്ന് നോക്കാം.
ഒന്ന് കോപ്പ അമേരിക്ക എന്ന കോമ്പറ്റീഷനിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കി എന്നതാണ്. ഇന്നത്തെ മത്സരത്തിൽ കളിച്ചതോടുകൂടി 35 കോപ്പ അമേരിക്ക മത്സരങ്ങളിൽ മെസ്സി കളിച്ചിട്ടുണ്ട്.ഇതിന് മുൻപ് ആരും തന്നെ ഇത്രയധികം മത്സരങ്ങളിൽ കളിച്ചിട്ടില്ല. മറ്റൊരു റെക്കോർഡ് ഗോൾ പങ്കാളിത്തങ്ങളുടെ കാര്യത്തിൽ ഉള്ളതാണ്.
മേജർ ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം മെസ്സിയാണ്. 54 ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സി കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലുമായി അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്. 26 ഗോളുകളും 28 അസിസ്റ്റുകളുമാണ് മെസ്സി മേജർ ഇന്റർനാഷണൽ ടൂർണമെന്റുകളിൽ സ്വന്തമാക്കിയിട്ടുള്ളത്.മറ്റാർക്കും തന്നെ ഇത് എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെ അവസരങ്ങൾ നഷ്ടപ്പെടുത്തിയ മത്സരത്തിലും മെസ്സി തല ഉയർത്തിക്കൊണ്ടു തന്നെയാണ് മടങ്ങുന്നത്