എന്റെ അന്നത്തെ മികവിന് കാരണം എൽക്കോ ഷട്ടോരിയാണ്: മെസ്സി തുറന്ന് പറയുന്നു!
2019/20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത് എൽക്കോ ഷട്ടോരി എന്ന പരിശീലകനായിരുന്നു.അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. പക്ഷേ പരിക്കുകൾ കാരണം അധികം മുന്നോട്ടുപോകാൻ ക്ലബ്ബിന് സാധിച്ചില്ല. എന്നിരുന്നാലും ഒരുപാട് മികച്ച പ്രകടനങ്ങൾ അന്ന് ടീമിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. നിലവിൽ ഈ പരിശീലകൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിൽ സ്റ്റീവൻ ജെറാർഡിന്റെ സഹായിയായി കൊണ്ട് പ്രവർത്തിക്കുകയാണ്.
എൽക്കോ ഷട്ടോരിക്ക് കീഴിൽ ആ സീസണിൽ ഗംഭീര പ്രകടനം നടത്തിയ രണ്ട് സൂപ്പർ താരങ്ങളാണ് ഓഗ്ബച്ചെയും മെസ്സി ബൗളിയും.ബ്ലാസ്റ്റേഴ്സിനായി 16 മത്സരങ്ങൾ കളിച്ച ഓഗ്ബച്ചെ 15 ഗോളുകൾ നേടുകയായിരുന്നു. 17 മത്സരങ്ങൾ കളിച്ച മെസ്സി ബൗളി 8 ഗോളുകൾ അന്ന് നേടിയിരുന്നു.അങ്ങനെ കേരള ബ്ലാസ്റ്റേഴ്സ് ഗോളടിച്ച് കൂട്ടിയ ഒരു സീസൺ തന്നെയായിരുന്നു അത്.
അന്നത്തെ തന്റെ മികവിന്റെ പ്രധാന കാരണം പരിശീലകൻ എൽക്കോ ഷട്ടോരി തന്നെയായിരുന്നു എന്നുള്ളത് മെസ്സി ബൗളി ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.ആ പരിശീലകനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ തനിക്ക് കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.തന്റെ പുതിയ അഭിമുഖത്തിലാണ് മെസ്സി ഇതേ കുറിച്ച് സംസാരിച്ചിട്ടുള്ളത്.
‘ആ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 8 ഗോളുകൾ നേടാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഞാൻ കൂടുതൽ മികവിലേക്ക് ഉയർന്നതിന് കാരണം പരിശീലകൻ എൽക്കോ ഷട്ടോരി തന്നെയാണ്.അദ്ദേഹം എനിക്ക് കൂടുതൽ കോൺഫിഡൻസ് നൽകുകയായിരുന്നു.എന്നെ പരിശീലിപ്പിച്ച ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം.പക്ഷേ ഞങ്ങളുടെ ലക്ഷ്യങ്ങളിൽ എത്താൻ അന്ന് ഞങ്ങൾക്ക് സാധിച്ചില്ല. ഞാൻ പഠിക്കാത്ത ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത് വളരെ എളുപ്പമായിരുന്നു ‘ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോഴും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പരിശീലകനാണ് എൽക്കോ ഷട്ടോരി. മാത്രമല്ല ഓഗ്ബച്ചെയേയും മെസ്സി ബൗളിയേയുമൊന്നും ആരാധകർ മറക്കാനും സാധ്യതയില്ല.ഒരുപിടി മനോഹരമായ മുഹൂർത്തങ്ങൾ അവർ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്.