രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന ഈ ഏഷ്യൻ ടൂറിൽ കളിക്കുന്നത്.ആദ്യ മത്സരം നാളെയാണ് നടക്കുക. നാളെ വൈകിട്ട് ഇന്ത്യൻ സമയം 5:30ന് ചൈനയിലെ ബീജിങ്ങിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ സൂപ്പർതാരം ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കും.
അതിനുശേഷം നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഇന്തോനേഷ്യയാണ്. ജൂൺ 19 ആം തീയതി ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ വച്ചാണ് ഈ മത്സരം നടക്കുക.എന്നാൽ മെസ്സി ഈ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി കളിക്കില്ല എന്നുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഗാസ്റ്റൻ എഡ്യൂളാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതായത് നാളത്തെ മത്സരത്തിനുശേഷം ലയണൽ മെസ്സി വെക്കേഷനിൽ പ്രവേശിക്കും. അധികം വൈകാതെ തന്നെ അദ്ദേഹത്തിന് ഇന്റർമിയാമിക്കൊപ്പം ചേരേണ്ടതുണ്ട്.അതുകൊണ്ടാണ് മെസ്സി നേരത്തെ വെക്കേഷനിൽ പ്രവേശിക്കുന്നത്.അതിനുള്ള അനുമതി ഇപ്പോൾ അർജന്റീന ക്യാമ്പ് മെസ്സിക്ക് നൽകി കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയുടെ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം എന്നുണ്ടാവും എന്നുള്ളതും ആരാധകർ ഒട്ടു നോക്കുന്ന ഒരു കാര്യമാണ്.
ജൂലൈ ഒന്നാം തീയതി ഇന്റർ മിയാമി ഒരു മത്സരം കളിക്കുന്നുണ്ട്. അന്ന് ഒരുപക്ഷേ മെസ്സിയെ പ്രസന്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. ജൂലൈ 22ആം തീയതി നടക്കുന്ന മത്സരത്തിൽ ക്രൂസ് അസുളാണ് മിയാമിയുടെ എതിരാളികൾ. ആ മത്സരത്തിൽ ഒരുപക്ഷേ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവാൻ സാധ്യതയുണ്ട് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.