കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ തന്നെ ലയണൽ മെസ്സി ചില കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതായത് ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. വേൾഡ് കപ്പ് ഫൈനലിനു മുന്നേയും മെസ്സി ഇത് ആവർത്തിച്ചിരുന്നു. തന്റെ അവസാനത്തെ മത്സരമാണ് വേൾഡ് കപ്പ് ഫൈനലിൽ കളിക്കുക എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്.
കാലത്തിന്റെ കാവ്യ നീതി എന്നോണം മെസ്സി വേൾഡ് കപ്പ് കിരീടം നേടി. അതുകൊണ്ടുതന്നെ അടുത്ത വേൾഡ് കപ്പിലും മെസ്സി ഉണ്ടായിരിക്കാൻ ആരാധകർ അതിയായി ആഗ്രഹിക്കുന്നുണ്ട്.പക്ഷേ തന്റെ നിലപാട് ഇതുവരെ ലയണൽ മെസ്സി മാറ്റിയിട്ടില്ല.അടുത്ത വേൾഡ് കപ്പിൽ താൻ ഉണ്ടാവില്ല എന്നുള്ള കാര്യം ഒരിക്കൽ കൂടി മെസ്സി അടിവരയിട്ട് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ മുമ്പ് പറഞ്ഞതുപോലെ,അടുത്ത വേൾഡ് കപ്പിൽ ഞാൻ കളിക്കും എന്നുള്ളത് ഞാൻ കരുതുന്നില്ല.അതേക്കുറിച്ച് ഞാൻ എന്റെ മനസ്സ് മാറ്റിയിട്ടില്ല.ഞാൻ വേൾഡ് കപ്പ് കാണാനാണ് ആഗ്രഹിക്കുന്നത്. വേൾഡ് കപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ല “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
അടുത്ത വർഷം കോപ്പ അമേരിക്ക നടക്കുന്നുണ്ട്. അമേരിക്കയിൽ വെച്ചാണ് ഇത് അരങ്ങേറുന്നത്. അതിൽ പങ്കെടുത്തശേഷം ലയണൽ മെസ്സി വിരമിക്കുമോ എന്ന ആശങ്ക പല ആരാധകർക്കും ഉണ്ട്.