കരിയറിന്റെ തുടക്കകാലത്തിൽ നിന്നും വിഭിന്നമായി ലിയോ മെസ്സി ഫ്രീക്കിക്കുകളുടെ കാര്യത്തിൽ ഇപ്പോൾ ഏറെ മികവ് പുലർത്തുന്നുണ്ട്. മനോഹരമായ ഒരുപാട് ഫ്രീക്കിക്ക് ഗോളുകൾ ഇതിനോടകം തന്നെ മെസ്സിയിൽ നിന്നും നാം കണ്ടു. ഇന്റർ മിയാമി ജഴ്സി ആദ്യ ഗോൾ ലയണൽ മെസ്സി നേടിയത് ഫ്രീകിക്കിലൂടെയാണ്.
ഇതിനുപുറമേ ഇന്നലെ നടന്ന മത്സരത്തിലും മെസ്സി ഫ്രീകിക്ക് ഗോൾ നേടി. ഈ രണ്ടു മത്സരങ്ങളിലും ഇന്റർമിയാമിയെ രക്ഷിച്ചത് മെസ്സിയുടെ തകർപ്പൻ ഫ്രീക്കിക്ക് ഗോളുകളായിരുന്നു. ഇതോടെ മെസ്സി തന്റെ കരിയറിൽ 64 ഫ്രീകിക്ക് ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഫുട്ബോൾ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മെസ്സി ആറാം സ്ഥാനത്താണ്.ബ്രസീലിയൻ ഇതിഹാസങ്ങളുടെ ഒരു ആധിപത്യമാണ് ഈ പട്ടികയിൽ നമുക്ക് കാണാൻ കഴിയുക.ഇന്റർ മിയാമിയുടെ ഉടമസ്ഥനും ഇംഗ്ലീഷിൽ ലെജന്റുമായ ഡേവിഡ് ബെക്കാം ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തുണ്ട്.65 ഫ്രീകിക്ക് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 2 ഫ്രീകിക്ക് ഗോളുകൾ കൂടി മെസ്സി നേടിയാൽ ബെക്കാമിനെ മറികടക്കാൻ അദ്ദേഹത്തിന് കഴിയും.
77 ഗോളുകൾ നേടിയിട്ടുള്ള ബ്രസീലിയൻ ഇതിഹാസമായ ജൂനിഞ്ഞോ,70 ഗോളുകൾ നേടിയിട്ടുള്ള മറ്റൊരു ബ്രസീലിയൻ ഇതിഹാസം പെലെ എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. പിന്നീട് 66 ഫ്രീകിക്ക് ഗോളുകൾ വീതം നേടിയിട്ടുള്ള ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ,അർജന്റൈൻ ലെജന്റ് ലെഗ്രോടഗ്ലി എന്നിവരാണ് മൂന്നാം സ്ഥാനങ്ങളിൽ വരുന്നത്.ഈ മൂന്നാം സ്ഥാനം മെസ്സി കരസ്ഥമാക്കാൻ സാധ്യതകൾ ഏറെയാണ്.എന്നാൽ പെലെയേയും ജൂനിഞ്ഞോയേയും മറികടക്കാൻ മെസ്സി ഒരല്പം കൂടി സഞ്ചരിക്കേണ്ടതുണ്ട്.മെസ്സി തന്റെ കരിയർ എത്രകാലം തുടരുന്നു എന്നതിന് ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്.