ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കൊണ്ട് വിജയപാതയിലേക്ക് തിരിച്ചു വരാൻ ഇന്റർ മയാമിക്ക് കഴിഞ്ഞു. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് മയാമി ടോറോന്റോ എഫ്സിയെ തോൽപ്പിച്ചത്.റോബർട്ട് ടൈലർ രണ്ട് ഗോളുകൾ നേടി.ക്രമാസ്ക്കി,ഫക്കുണ്ടോ ഫാരിയസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.
ലയണൽ മെസ്സിയും ജോർഡി ആൽബയും മത്സരത്തിൽ സ്റ്റാർട്ട് ചെയ്തിരുന്നു. പക്ഷേ 35ആം മിനിറ്റിൽ ആൽബയെയും 37ആം മിനുട്ടിൽ മെസ്സിയെയും മയാമി കോച്ച് പിൻവലിച്ചു.മെസ്സിക്ക് പകരമാണ് റോബർട്ട് ടൈലർ വന്നിരുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസ്സിയെ പിൻവലിച്ചത് ഏവരിലും അമ്പരപ്പുണ്ടാക്കി. പക്ഷേ അതിനുള്ള വിശദീകരണം പരിശീലകനായ മാർട്ടിനോ ഹാഫ് ടൈം ഇടവേളയിൽ തന്നെ നൽകിയിരുന്നു.
പരിക്ക് മെസ്സിയെയും ആൽബയെയും വല്ലാതെ അലട്ടുന്നുണ്ട് എന്നാണ് കോച്ച് പറഞ്ഞത്. മാത്രമല്ല ഇവരെ കൂടുതൽ പരിശോധനകൾക്ക് വിധേയരാക്കുമെന്നും മാർട്ടിനോ പറഞ്ഞിട്ടുണ്ട്. മത്സരശേഷവും മെസ്സിയുടെ അപ്ഡേറ്റ് കോച്ച് നൽകിയിട്ടുണ്ട്. ഗുരുതരമായ ആശങ്ക തന്നെയാണ് മെസ്സിയുടെ കാര്യത്തിൽ അദ്ദേഹം പങ്കുവെച്ചത്.
مغادرة الجماهير في الدقيقة 39 بعد إصابة الأسطورة ميسي 😨😨😨🐐🐐 pic.twitter.com/7DWQRNMGBW
— Messi Xtra (@M30Xtra) September 21, 2023
വരുന്ന ഞായറാഴ്ച ഞങ്ങൾ ഒരു മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ലയണൽ മെസ്സിയും ജോർഡി ആൽബയും കളിക്കാൻ യാതൊരുവിധ സാധ്യതകളും ഇല്ല.അതിനുശേഷമാണ് ഓപ്പൺ കപ്പിന്റെ ഫൈനൽ നടക്കുന്നത്. ആ മത്സരത്തിൽ മെസ്സി കളിക്കുമോ എന്നതിൽ എനിക്ക് യാതൊരുവിധ ഉറപ്പുകളും ഇല്ല,ഇന്റർ മയാമി പരിശീലകൻ പറഞ്ഞു.
അതായത് മെസ്സിയുടെ പരിക്ക് കൂടുതൽ വിശ്രമം ആവശ്യപ്പെടുന്ന ഒന്ന് തന്നെയാണ്. പ്ലാൻ ചെയ്തതിനേക്കാൾ നേരത്തെ തന്നെ ഇന്ന് മെസ്സിക്ക് കളത്തിൽ നിന്നും പിൻവാങ്ങേണ്ടി വന്നത് പരിക്കിന്റെ പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ്. അടുത്ത ഫൈനലിൽ എങ്കിലും മെസ്സി തിരിച്ചുവരണമെന്ന ആഗ്രഹത്തിലാണ് മായാമിയുടെ ആരാധകർ ഉള്ളത്. എന്നാൽ ലയണൽ മെസ്സിയെ ഇന്ന് കളത്തിൽ നിന്നും പിൻവലിച്ചതിന് പിന്നാലെ നിരവധി ആരാധകർ സ്റ്റേഡിയം വിട്ടു പുറത്തു പോയിരുന്നു. അതിന്റെ വീഡിയോ പുറത്തേക്ക് വന്നിട്ടുണ്ട്.
إرهاق واضح على الأسطورة ميسي pic.twitter.com/G6CtI3M4CU
— Messi Xtra (@M30Xtra) September 21, 2023
ലയണൽ മെസ്സിയെ കാണാൻ വേണ്ടി മാത്രം ടിക്കറ്റ് എടുത്ത് വന്നവരാണ് ഇവർ.മെസ്സി പിൻവലിഞ്ഞതോടെ ഇവരും പിൻവലിയുകയായിരുന്നു. ഇന്റർ മയാമി എന്ന ടീമിനേക്കാൾ മെസ്സിയുടെ പ്രകടനം കാണാൻ വേണ്ടിയാണ് ഇപ്പോൾ ആരാധകർ എത്തുന്നത് എന്നത് വ്യക്തമാണ്.