മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങാൻ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് ഇന്റർ മയാമി വിജയിച്ചത്. എതിരാളികൾ റിയൽ സോൾട്ട് ലേക്കായിരുന്നു. നിറഞ്ഞ് കവിഞ്ഞ സ്വന്തം വേദിയിൽ വെച്ചു കൊണ്ടാണ് ഇന്റർ മയാമി അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്.
മത്സരത്തിൽ 39 ആം മിനിട്ടിലാണ് ഇന്റർ മയാമി ലീഡ് എടുത്തത്.റോബർട്ട് ടൈലറാണ് ഗോൾ നേടിയത്.ഈ ഗോളിന് അസിസ്റ്റ് നൽകിയത് ലയണൽ മെസ്സിയാണ്. പിന്നീട് രണ്ടാം ഗോൾ നേടിയത് ഡിയഗോ ഗോമസായിരുന്നു. 83ആം മിനിറ്റിൽ നേടിയ ആ ഗോളിന് അസിസ്റ്റ് നൽകിയത് മറ്റൊരു മിന്നും താരമായ ലൂയിസ് സുവാരസാണ്.
മൂന്ന് പോയിന്റുകൾ നേടിക്കൊണ്ട് ഇന്റർ മയാമി ഇത്തവണത്തെ സീസണിൽ തുടക്കം കുറിച്ചു കഴിഞ്ഞു. എന്നാൽ എതിരാളികളായ റിയൽ സോൾട്ട് ലേക്കിന്റെ കാര്യം എടുത്തു പറയേണ്ടതാണ്. അതായത് 14 വർഷത്തെ അവരുടെ റെക്കോർഡ് മത്സരത്തിൽ തകർന്നു കഴിഞ്ഞു. കഴിഞ്ഞ 14 സീസണുകളിലും സോൾട്ട് ലേക്ക് ആദ്യ മത്സരത്തിൽ അപരാജിതരാണ്. അതായത് കഴിഞ്ഞ 14 വർഷവും ഈ ടീമിനെ ആദ്യം മത്സരത്തിൽ പരാജയപ്പെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.
പക്ഷേ ലയണൽ മെസ്സിയുടെ ഇന്റർ മയാമി അതിനെ വിരാമം കുറിച്ചു കഴിഞ്ഞു. 14 വർഷങ്ങൾക്ക് ശേഷം ആദ്യമായി അമേരിക്കൻ ലീഗിലെ അരങ്ങേറ്റം മത്സരത്തിൽ അവർ പരാജയപ്പെട്ടു കഴിഞ്ഞു.മത്സരത്തിൽ മോശമല്ലാത്ത പ്രകടനം തന്നെയാണ് ഇന്റർമയാമി നടത്തിയിട്ടുള്ളത്.പക്ഷേ പ്രതിരോധത്തിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ട്.അത് പരിഹരിച്ചില്ലെങ്കിൽ വരും മത്സരങ്ങളിൽ വിനയായി മാറിയേക്കും.
ലയണൽ മെസ്സി പൂർണ്ണ ഫിറ്റ്നസ് കണ്ടെടുത്തു എന്നതാണ് ഏറ്റവും പോസിറ്റീവായ കാര്യം.കഴിഞ്ഞ പ്രീ സീസൺ മത്സരങ്ങളിൽ ലയണൽ മെസ്സി പരിക്ക് മൂലം പല മത്സരങ്ങളിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ മെസ്സിയും ബാക്കിയുള്ള മികച്ച താരങ്ങളും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചെത്തി എന്നത് ശുഭകരമായ കാര്യമാണ്. അടുത്ത മത്സരത്തിൽ കരുത്തരായ ലോസ് ആഞ്ചലസ് ഗാലക്സിയാണ് ഇന്റർ മയാമിയുടെ എതിരാളികൾ.