മെസ്സി വന്നപ്പോൾ മയാമിയും മാറി. മെസ്സിയുടെ സാന്നിധ്യം ഇന്റർമയാമി എന്ന ക്ലബ്ബിന് നൽകുന്ന ഊർജ്ജം ചെറുതല്ല. അത് ഇന്നത്തെ മത്സരഫലത്തിലും കാണാം. ലയണൽ മെസ്സി തിളങ്ങിയപ്പോൾ മികച്ച വിജയമാണ് ഇന്റർമയാമി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നാഷ് വില്ലെ എസ്സിയെ ഇന്റർമയാമി പരാജയപ്പെടുത്തിയത്.
തിളങ്ങിയത് ലയണൽ മെസ്സിയാണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും മത്സരത്തിൽ നേടിക്കൊണ്ട് എല്ലാ ഗോളുകളിലും മെസ്സി തന്റെ പങ്കാളിത്തം അറിയിച്ചു.മത്സരത്തിന്റെ രണ്ടാമത്തെ മിനുട്ടിൽ തന്നെ ഇന്റർമയാമിക്ക് ഗോൾ വഴങ്ങേണ്ടി വന്നിരുന്നു.ഫ്രാങ്കോ നെഗ്രി സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു.
എന്നാൽ പതിനൊന്നാമത്തെ മിനിറ്റിൽ സമനില നേടി. മെസ്സി തന്നെ ഉണ്ടാക്കിയെടുത്ത ഒരു മുന്നേറ്റത്തിനൊടുവിലാണ് മെസ്സി ഗോൾ നേടിയത്.സുവാരസിന്റെ പാസിൽ നിന്ന് മെസ്സി ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് 39ആം മിനിട്ടിലാണ് സെർജിയോ ബുസ്‌ക്കെറ്റ്സ് ഇന്റർമയാമിക്ക് ലീഡ് നേടിക്കൊടുക്കുന്നത്.
മെസ്സിയുടെ കോർണർ കിക്കിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരത്തിന്റെ ഗോൾ പിറന്നത്.ഒരു പവർഫുൾ ഹെഡറായിരുന്നു പിറന്നത്. പിന്നീട് മത്സരത്തിന്റെ 81ആം മിനുട്ടിൽ ഇന്റർമയാമിക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. ആ പെനാൽറ്റി പിഴവുകൾ ഒന്നും കൂടാതെ ലയണൽ മെസ്സി ഗോളാക്കി മാറ്റി. അതോടെ മെസ്സി ഇരട്ട ഗോളുകൾ പൂർത്തിയാക്കുകയും ഇന്റർമയാമി വിജയം ഉറപ്പിക്കുകയും ചെയ്തു.
നിലവിൽ ഈസ്റ്റേൺ പോയിന്റ് പട്ടികയിലും മൊത്തത്തിലുള്ള എംഎൽഎസ് പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്ത് ഇന്റർമയാമി തന്നെയാണ്. 10 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്റർമയാമി അഞ്ച് വിജയങ്ങൾ നേടിയിട്ടുണ്ട്.18 പോയിന്റ് നേടിക്കൊണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. 15 പോയിന്റ് ഉള്ള ന്യൂയോർക്ക് റെഡ് ബുൾസാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.