ഗില്ലറ്റ് സ്റ്റേഡിയത്തിൽ അറുപതിനായിരത്തിന് മുകളിൽ വരുന്ന ആരാധകർക്ക് മുന്നിൽ താണ്ഡവമാടി ലയണൽ മെസ്സി. ഒരു ഗോളിന് പിറകിൽ നിന്ന ഇന്റർമയാമി മത്സരം അവസാനിക്കുമ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ ലയണൽ മെസ്സി ഒരിക്കൽ കൂടി തന്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു.ഇന്റർമയാമി ആകെ നേടിയ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ട്.
ഇന്റർമയാമിയുടെ എതിരാളികൾ ന്യൂ ഇംഗ്ലണ്ട് ആയിരുന്നു.അവരുടെ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരം വീക്ഷിക്കാൻ റെക്കോർഡ് കാണികൾ ആയിരുന്നു എത്തിയിരുന്നത്.ആ ആരാധകർക്ക് ഒരു വിരുന്ന് ഒരുക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ടോമസ് ന്യൂ ഇംഗ്ലണ്ടിന് വേണ്ടി ലീഡ് എടുത്തപ്പോൾ ഇന്റർമയാമി ഒന്ന് പകച്ചു. എന്നാൽ മെസ്സി മാജിക്കിൽ അവർ തിരികെ വരുകയായിരുന്നു. മത്സരത്തിന്റെ 32ആം മിനിറ്റിൽ റോബർട്ട് ടൈലർ നൽകിയ പാസ് പിടിച്ചെടുത്ത മെസ്സി അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
രണ്ടാമത്തെ പകുതിയിൽ ഇന്റർമയാമി കൂടുതൽ കരുത്ത് പ്രകടിപ്പിച്ചു.68ആം മിനുട്ടിൽ ലയണൽ മെസ്സി വീണ്ടും വല കുലുക്കി.സെർജിയോ ബുസ്ക്കെറ്റ്സിന്റെ ഒരു അസാമാന്യ പാസ് പിടിച്ചെടുത്ത ലയണൽ മെസ്സി ഗോൾ കണ്ടെത്തുകയായിരുന്നു. ഇതോടെ 2-1 ന്റെ ലീഡിലേക്ക് ഇന്റർമയാമി എത്തി. പിന്നീട് 83ആം മിനുട്ടിൽ ക്രമാസ്ക്കിയുടെ ഗോൾ പിറന്നു. ലയണൽ മെസ്സിയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞുവെങ്കിലും റീബൗണ്ട് ലഭിച്ച ക്രമാസ്ക്കി അത് വലയിൽ എത്തിക്കുകയായിരുന്നു.
അധികം വൈകാതെ സുവാരസിന്റെ ഗോൾ കൂടി പിറക്കുകയായിരുന്നു. മെസ്സി നൽകിയ അസിസ്റ്റിൽ നിന്നാണ് സുവാരസ് ഗോൾ നേടിയത്. ഇതോടെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഇന്റർമയാമി വിജയം ഉറപ്പാക്കി.ഈ നാല് ഗോളുകളിലും ലയണൽ മെസ്സി ഉണ്ടായിരുന്നു. മെസ്സിയുടെ മികവിൽ ഇപ്പോൾ ഇന്റർമയാമി കുതിക്കുകയാണ്.
അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും അവർ വിജയിച്ചു കഴിഞ്ഞു. മൂന്നിലും തിളങ്ങിയത് മെസ്സിയാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളതും ഇന്റർമയാമിയാണ്. 9 ഗോളുകളും നാല് അസിസ്റ്റുകളും ലയണൽ മെസ്സി ഈ എംഎൽഎസ് സീസണിൽ ഇപ്പോൾ കരസ്ഥമാക്കി കഴിഞ്ഞിട്ടുണ്ട്.