ലീഗ്സ് കപ്പിന്റെ ഫൈനൽ മത്സരം വളരെയധികം ആവേശം നിറഞ്ഞതായിരുന്നു. ഒരു നീണ്ട പെനാൽറ്റി ഷൂട്ടൗട്ട് ആയിരുന്നു മത്സരത്തിൽ നടന്നത്. ഒടുവിൽ ഇന്റർ മയാമി നാഷ്‌വിൽ എസ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടി. അവരുടെ ചരിത്രത്തിലെ ആദ്യത്തെ കിരീടമായിരുന്നു.
നാഷ്‌വിൽ എസ്സി ആരാധകരുടെ ഒരു ചാന്റ് ഇപ്പോൾ വൈറലാണ്. അതായത് സെമിഫൈനൽ മത്സരത്തിൽ മോന്റെറിയെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്. അതിനുശേഷം അവർ ചാന്റ് ചെയ്തത് ലയണൽ മെസ്സിയെ ഞങ്ങൾക്ക് കിട്ടണമെന്നായിരുന്നു. അതായത് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും മെസ്സിയും എതിരാളികളായി വരണമെന്നായിരുന്നു ഇവരുടെ ആഗ്രഹം.അതൊരു വെല്ലുവിളിയും കൂടിയായിരുന്നു.
ആഗ്രഹം പോലെ ലയണൽ മെസ്സിയും ഇന്റർ മയാമിയും ഫൈനലിൽ എത്തി. മെസ്സി ആരാണ് എന്നത് അവർ ഫൈനലിൽ അറിയുകയും ചെയ്തു. ഒരു തകർപ്പൻ ഗോളാണ് നാഷ്‌വിൽ എസ്സിക്കെതിരെ ലയണൽ മെസ്സി നേടിയത്. ഇവരെ പരാജയപ്പെടുത്തിക്കൊണ്ട് മെസ്സി കിരീടം നേടുകയും ചെയ്തു.പുറമേ ടൂർണമെന്റിലെ മികച്ച താരവും മികച്ച ഗോൾ വേട്ടക്കാരനും ലയണൽ മെസ്സി തന്നെയായിരുന്നു.
ഇന്റർ മയാമിയുടെ ജനറൽ മാനേജരായ ഹവിയർ അസെൻസി ഇതിപ്പോൾ കുത്തിപ്പൊക്കിയിട്ടുണ്ട്.അതായത് നാഷ്‌വിൽ ആരാധകരുടെ ഈ വീഡിയോ അദ്ദേഹം വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്.നിങ്ങളുടെ ആഗ്രഹങ്ങളിൽ നിങ്ങൾ കുറച്ചൊക്കെ ജാഗ്രത പുലർത്തേണ്ടെ എന്നാണ് ഇദ്ദേഹം ചോദിച്ചിട്ടുള്ളത്. ഏതായാലും ലയണൽ മെസ്സിയെ വെല്ലുവിളിച്ച നാഷ്‌വിൽ ആരാധകർക്ക് മെസ്സിയിൽ നിന്ന് തന്നെ ഇപ്പോൾ കണക്കിന് ലഭിച്ചിട്ടുണ്ട്.