നാണക്കേട് : മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ച് ഡി ജോങ്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നായിരുന്നു ആരാധകർ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.മെസ്സിക്ക് തിരികെയെത്താൻ താല്പര്യമുണ്ടായിരുന്നു, ബാഴ്സ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാൽ അത് നടക്കാതെ പോവുകയായിരുന്നു.പിന്നീട് മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനിക്കുകയും ചെയ്തു.
ഈ വിഷയത്തിൽ ബാഴ്സയുടെ ഡച്ച് സൂപ്പർ താരമായ ഫ്രങ്കി ഡി യോങ് ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെയെത്താൻ സാധിക്കാത്തത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് എന്നാണ് ഡി യോങ് പറഞ്ഞിട്ടുള്ളത്.ഡച്ച് മാധ്യമമായ ഡി ടെലിഗ്രാഫിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡി യോങ്ങിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ലോകത്തുള്ള ഏതൊരു ടീമും ആഗ്രഹിക്കുന്ന താരമാണ് ലയണൽ മെസ്സി. ഏതുസമയത്തും എവിടെ വേണമെങ്കിലും വ്യത്യസ്തതകൾ സൃഷ്ടിക്കാൻ സാധിക്കുന്ന താരമാണ് അദ്ദേഹം.അദ്ദേഹത്തിന് ബാഴ്സലോണയിലേക്ക് വരാൻ കഴിഞ്ഞില്ല എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.തീർച്ചയായും മെസ്സി ഇവിടെ എത്തുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം തിരിച്ചെത്തിയാൽ അത് ഞങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുമായിരുന്നു. ഏതായാലും ഇനി ആരൊക്കെ ടീമിലേക്ക് വരും? ആരൊക്കെ പുറത്തുപോകും എന്നുള്ളതൊക്കെ കാത്തിരുന്നു കാണാം ” ഇതാണ് ഡി യോങ് പറഞ്ഞിട്ടുള്ളത്.
2019 മുതൽ 2021 വരെ ലയണൽ മെസ്സിക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് ഫ്രങ്കി ഡി യോങ്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഡി യോങ്ങിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിൽക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ ഈ ഡച്ച് സൂപ്പർ താരം പോവാൻ വിസമ്മതിക്കുകയായിരുന്നു. നിലവിൽ ഈ താരത്തെ കൈവിടാൻ ബാഴ്സ ഉദ്ദേശിക്കുന്നില്ല.