അർജന്റീന കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്. അർജന്റീനക്ക് വേണ്ടി ജൂലിയൻ ആൽവരസാണ് മാക്ക് ആല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്ന് ആദ്യ ഗോൾ നേടിയത്. പിന്നീട് ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ലൗറ്ററോ മാർട്ടിനസ് അർജന്റീനയുടെ രണ്ടാം ഗോൾ നേടി.മത്സരത്തിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തിയത്.
പക്ഷേ കൂടുതൽ ഗോളുകൾ നേടാൻ അർജന്റീനക്ക് സാധിച്ചില്ല. മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ഒരുപാട് അവസരങ്ങൾ നഷ്ടമാക്കിയിരുന്നു. ചുരുങ്ങിയത് ഒരു അഞ്ച് ഗോളിനെങ്കിലും വിജയിക്കാമായിരുന്ന ഒരു മത്സരമായിരുന്നു ഇത് അർജന്റീനയെ സംബന്ധിച്ചിടത്തോളം.പക്ഷേ അടുത്ത മത്സരം ഇത്ര എളുപ്പമാവില്ല. കാരണം എതിരാളികൾ ചിലിയാണ്. അർജന്റീനയെ നേരിട്ട് പരിചയമുള്ള ചിലിയെ മറികടക്കണമെങ്കിൽ ഒരല്പം വിയർക്കേണ്ടി വന്നേക്കും.
ജൂൺ 26ആം തീയതി ബുധനാഴ്ച രാവിലെ 6:30നാണ് അർജന്റീനയും ചിലിയും തമ്മിലുള്ള മത്സരം നടക്കുക.ഈ മത്സരത്തിനു മുന്നേ തന്റെ ടീമിന് ഒരു വാണിംഗ് അർജന്റീനയുടെ ക്യാപ്റ്റനായ മെസ്സി നൽകിയിട്ടുണ്ട്.മറ്റൊന്നുമല്ല,കളിയിൽ പുരോഗതി വരുത്തേണ്ടതുണ്ട് എന്നതാണ്. കാനഡയ്ക്കെതിരെ വിജയിച്ചെങ്കിലും ചിലിക്കെതിരെ ഈ കളി പോരാ, നമ്മുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നാണ് ലയണൽ മെസ്സി മത്സരശേഷം പറഞ്ഞിട്ടുള്ളത്.
ചിലിക്കെതിരെ കാര്യങ്ങൾ എളുപ്പമാവില്ല എന്ന് തന്നെയാണ് മെസ്സി വിശ്വസിക്കുന്നത്. പക്ഷേ പ്രതാപ കാലത്തെ മികവ് ഒന്നുംതന്നെ ചിലിക്ക് ഇപ്പോൾ അവകാശപ്പെടാനില്ല.അർജന്റീനയാവട്ടെ തകർപ്പൻ ഫോമിലുമാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.ചിലിയെ പരാജയപ്പെടുത്തി കഴിഞ്ഞാൽ അർജന്റീനക്ക് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ വിജയം സ്വന്തമാക്കാൻ വേണ്ടി പരമാവധി മികച്ച പ്രകടനം അർജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കും.